. വിശാല അധികാരം നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി
ന്യൂഡല്‍ഹി :ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ )ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എന്‍ഐഎക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ടെന്നും 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ യൂണിറ്റുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടക്കുന്ന ദ്വിദിന ചിന്തന്‍ ശിബിരം ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ 34 ശതമാനത്തോളം തീവ്രവാദ കേസുകള്‍ കുറഞ്ഞു. ജമ്മു കശ്മീരില്‍ സുരക്ഷാ സേനയിലെ അംഗങ്ങള്‍ കൊല്ലപ്പെടുന്നതില്‍ 64 ശതമാനത്തോളം കുറവുണ്ടായി, സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടു.
അതിനിടെ കോയമ്പത്തൂര്‍ കാര്‍ സ്ഫോടന കേസില്‍ എന്‍ ഐ എ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു തമിഴ്നാട് സര്‍ക്കാരിന്‍റെ ശുപാര്‍ശയെ തുടര്‍ന്നാണിത്. പ്രതികളില്‍ ഒരാളുടെ ഐഎസ് ബന്ധവും ചാവേറാക്രമണമെന്ന് ബലപ്പെടുന്ന തെളിവുകളും പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിനായി കേന്ദ്രത്തെ സമീപിച്ചത്.