ന്യൂഡല്‍ഹി: എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒറ്റ വോട്ടര്‍പട്ടിക തയാറാക്കാനുള്ള ശിപാര്‍ശ സമര്‍പ്പിച്ച് പാര്‍ലമെന്‍റ് സ്റ്റാന്‍ഡിങ് കമ്മിറ്റി.തീരുമാനം നടപ്പിലായാല്‍ എല്ലാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍പട്ടികയാവും ഉണ്ടാവുക. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യും.
ആധാറും വോട്ടര്‍ ഐ.ഡിയും ബന്ധിപ്പിക്കാനുള്ള ബില്‍ പാര്‍ലമെന്‍റ് പാസാക്കിയിരുന്നു. തുടര്‍ നടപടിയുടെ ഭാഗമായാണ് ഒറ്റ വോട്ടര്‍പട്ടിക നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. നിലവില്‍ ദേശീയ തെരഞ്ഞെടുപ്പ് കമീഷനാണ് ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക തയാറാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടര്‍പട്ടിക തയാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നാല്‍, ഈ രീതി മാറ്റി ഒറ്റ വോട്ടര്‍പട്ടിക തയാറാക്കി എല്ലാ തെരഞ്ഞെടുപ്പുകളും നടത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതിന് മുന്നോടിയായി ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായിട്ടാവും ചര്‍ച്ച നടത്തുക. ഒറ്റ വോട്ടര്‍പട്ടിക വരുന്നതോടെ ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യമാണോ കേന്ദ്രസര്‍ക്കാര്‍ മുന്നില്‍കാണുന്നതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.