എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി

Top News

തിരുവനന്തപുരം: എല്ലാ കുട്ടികള്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. കുട്ടികളുടെ സമഗ്രമായ ശാരീരിക, മാനസിക, ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്കൂള്‍ ആരോഗ്യ പരിപാടി ആവിഷ്ക്കരിച്ചു.വിദ്യാഭ്യാസ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്കൂള്‍ പി.ടി.എ. എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.ശാരീരിക മാനസിക വളര്‍ച്ച ഉറപ്പാക്കുന്നതിനോടൊപ്പം പഠന പരിമിതികള്‍, കാഴ്ച പരിമിതികള്‍ എന്നിവ നേരത്തെ തന്നെ കണ്ടെത്തി ഇതിലൂടെ ഇടപെടല്‍ നടത്തുന്നു. ജനകീയ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ നേതൃത്വത്തില്‍ സ്കൂള്‍ ആരോഗ്യ പദ്ധതിയുടെ പ്രാഥമികതല യോഗം ചേര്‍ന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായുള്ള യോഗത്തിന് ശേഷമായിരിക്കും പദ്ധതിയുടെ അന്തിമ രൂപരേഖയുണ്ടാക്കുക. വിദ്യാഭ്യാസ കാലത്ത് തന്നെ വെല്ലുവിളികളെ അതിജീവിച്ച് കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് ഉപകരിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ആറ് വയസ് മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് സ്കൂള്‍ ആരോഗ്യ പദ്ധതി നടപ്പിലാക്കുക.ഇവര്‍ക്ക് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആരോഗ്യ വിദ്യാഭ്യാസം നല്‍കും. കുട്ടികളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന വിളര്‍ച്ച, പോഷണകുറവ് തുടങ്ങി 30 രോഗാവസ്ഥകള്‍ കണ്ടുപിടിച്ച് സൗജന്യ ചികിത്സ ഉറപ്പാക്കുക, ശുചിത്വ പ്രോത്സാഹനം, ആര്‍ത്തവ സമയത്തെ നല്ല ഉപാധികളിലുള്ള അവബോധം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *