എല്ലാ ആശുപത്രികളിലും കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍: മുഖ്യമന്ത്രി

Kerala

തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സംസ്ഥാന കാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ പ്രാരംഭ ദിശയില്‍ തന്നെ കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കും. കാന്‍സര്‍ സെന്‍ററുകളെയും മെഡിക്കല്‍ കോളേജുകളെയും ജില്ലാ, ജനറല്‍ താലൂക്ക് ആശുപത്രികളെയും ഉള്‍പ്പെടുത്തി കാന്‍സര്‍ കെയര്‍ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവുന്നത്. കാന്‍സര്‍ ബോധവത്ക്കരണ പരിപാടികളും ഗൃഹസന്ദര്‍ശനങ്ങളും വിവരശേഖരണവും എല്ലാം ഇതിന്‍റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരളം കര്‍മ്മപദ്ധതി രണ്ടിന്‍റെ ഭാഗമായ ആര്‍ദ്രം മിഷന്‍റെ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വണ്‍ ഹെല്‍ത്ത്, വാര്‍ഷിക ആരോഗ്യ പരിശോധനാ പദ്ധതി, കാന്‍സര്‍ നിയന്ത്രണ പദ്ധതി എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.
ആരോഗ്യരംഗത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ മുന്‍നിരയിലാണ് കേരളം. വിവര വിനിമയ സാങ്കേതികവിദ്യ ആരോഗ്യമേഖലയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഇ-കേരള ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ എന്ന പുതിയ പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *