എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് ;പ്രതിയുമായി തെളിവെടുപ്പ് നടത്തി

Kerala

കണ്ണൂര്‍ : എലത്തൂരിലെ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുമായി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി.പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് പൊലീസിന്‍റെ തെളിവെടുപ്പ് നടന്നത്. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാള്‍ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇയാളില്‍ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ഡി 2 കോച്ചിലും രക്തക്കറയുണ്ട്. ഇത് തീപ്പൊള്ളലേറ്റവര്‍ പാഞ്ഞെത്തിയതിന്‍റേതാണെന്നാണ് കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം പ്രതിയെ കോച്ചിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൃത്യം താന്‍ ചെയ്തതാണെന്നും ബാഗ് തന്‍റേതാണെന്നുമല്ലാതെ മറ്റൊന്നും ഷാറൂഖ് മൊഴി നല്‍കിയിട്ടില്ല. നേരത്തേ പലതവണ തെളിവെടുപ്പിനായി ഒരുങ്ങിയിരുന്നെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ വൈകുകയായിരുന്നു. ഒടുവില്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ പ്രതിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് തെളിവെടുപ്പിന് തയ്യാറായത്. ഡി1 കോച്ചിലാണ് പ്രതി ആദ്യം തീയിട്ടത്.
ഷൊര്‍ണൂരിലും പ്രതിയെ കൊണ്ടുപോയേക്കും. കൃത്യത്തിന് പിന്നില്‍ ആസൂത്രണം ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഷൊര്‍ണൂരിലെ തെളിവെടുപ്പ് ഏറെ നിര്‍ണായകമാണ്. പെട്രോള്‍ വാങ്ങിയതിന് പുറമേ ഷൊര്‍ണൂരില്‍ പലരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതി ആക്രമണത്തിന് ഇറങ്ങിത്തിരിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇത് അടക്കമുള്ള കാര്യങ്ങളില്‍ പ്രതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കേസ് എന്‍ഐഎ ഏറ്റെടുക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *