എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

Kerala

കൊച്ചി : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി( എന്‍ ഐ എ) ഏറ്റെടുത്തു.തീവ്രവാദ സ്വഭാവവും ഗൂഢാലോചനയുമാകും എന്‍ ഐ എ പരിശോധിക്കുക. കേസ് ഏറ്റെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം ഇറക്കിയതിന് പിന്നാലെയാണ് നടപടി. എന്‍ ഐ എ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക.എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. യുഎപിഎ അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതി ഷാരൂഖ് സെയ്ഫിയെ റിമാന്‍ഡ് ചെയ്തു. വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. പ്രതി ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നാണ് പ്രധാനമായും കണ്ടെത്തേണ്ടത്. ഷഹീന്‍ബാഗ് മുതല്‍ കേരളംവരെ നീളുന്ന ഒട്ടേറെ കണ്ണികള്‍ ഇതിലുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട അന്വേഷണം നടക്കും.
എന്‍ഐഎ കേസ് ഏറ്റെടുക്കുമെന്ന സൂചന നേരത്തേ തന്നെയുണ്ടായിരുന്നു. പ്രത്യേകിച്ചൊരു പ്രകോപനവും ഇല്ലാതെയുള്ള ആക്രമണം തീവ്രവാദ സ്വഭാവമുള്ളതാണെന്ന വിലയിരുത്തലായിരുന്നു. പ്രതി പൊലീസ് അന്വേഷണത്തോടും ചോദ്യങ്ങളോടും നിസഹകരിച്ചിരുന്നു. പ്രതിക്ക് പ്രാദേശിക സഹായം കിട്ടിയോ എന്നടക്കം ഏറെ കാര്യങ്ങള്‍ ഇതില്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്.ഈ മാസം രണ്ടിനാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ് പ്രസില്‍ തീവെപ്പുണ്ടായത്. അക്രമി യാത്രക്കാര്‍ക്കു നേരെ പെട്രോള്‍ ഒഴിച്ചു തീവെക്കുകയായിരുന്നു. ഇതിനു പിന്നാലെ യാത്രക്കാരില്‍ മൂന്നു പേരെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു. സംഭവം നടന്നു മൂന്നാം ദിവസം മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്ന്, ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *