തിരുവനന്തപുരം : എയ്ഡ്സ് രോഗബാധിതരെ ഗുരുതരാവസ്ഥയില്‍ നിന്ന് മോചിപ്പിക്കുന്നതിനും സാധാരണ ജീവിതം നയിക്കുന്നതിനും ആവശ്യമായ കരുതലും സംരക്ഷണവും നല്‍കേണ്ടത് ഉത്തരവാദിത്തമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണിരാജു പറഞ്ഞു. ആരോഗ്യവകുപ്പിന്‍റെയും എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ നടന്ന ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.എച്ച്. ഐ. വി അണുബാധയുള്ളവരെ എല്ലാ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന കാലം മറികടക്കാനായത് കൃത്യമായ ബോധവല്‍ക്കരണം കൊണ്ടാണ്. പുതിയ രോഗബാധിതര്‍ ഉണ്ടാകാതിരിക്കാനും നിലവിലുള്ള രോഗികള്‍ക്ക് ആവശ്യമായ കരുതലും ചികിത്സയും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയായി. പാളയം വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ പരിപാടിയില്‍ അധ്യക്ഷനായി.
വിവിധ ജില്ലകളില്‍ എയ്ഡ്സ് നിയന്ത്രണ പദ്ധതികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സുരക്ഷാ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നവരെയും കുറഞ്ഞ കാലയളവിനുള്ളില്‍ കൂടുതല്‍ രക്തദാനം നടത്തിയവരെയും ചടങ്ങില്‍ ആദരിച്ചു.
‘ഒന്നായി, തുല്യരായി തടുത്തു നിര്‍ത്താം’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ്ദിന സന്ദേശം. എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും താലൂക്ക് തലത്തിലും വൈവിധ്യങ്ങളായ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ദിനാചരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ബോധവത്ക്കര റാലിയും ഡബിള്‍ ഡെക്കര്‍ പര്യടനവും സംഘടിപ്പിച്ചു.
സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ ഡോ.ആര്‍ ശ്രീലത, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എം. സക്കീന, സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ജോയിന്‍റ് ഡയറക്ടര്‍ രശ്മി മാധവന്‍, ജോസഫ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.