എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരമായി

Kerala

.ക്യാബിന്‍ ക്രൂ അംഗങ്ങളുടെ സമരം അവസാനിപ്പിച്ചു
.പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ ധാരണ

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരമായി. ക്യാബിന്‍ ക്രൂ അംഗങ്ങളുടെ സമരം അവസാനിപ്പിച്ചതോടെയാണ് ഇതുവരെ തുടര്‍ന്ന യാത്ര പ്രതിസന്ധിക്ക് പരിഹാരമായത്. എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒ അലോക് സിംഗ് ജീവനക്കാരുമായി നടത്തിയ ചര്‍ച്ച വിജയകരമായ സാഹചര്യത്തിലാണ് തീരുമാനം. പിരിച്ചുവിട്ട 40 പേരെയും തിരിച്ചെടുക്കാന്‍ ധാരണയായതായി വിവരമുണ്ട്. ഇന്നു മുതല്‍ ഡ്യൂട്ടിക്ക് ജോയിന്‍റ് ചെയ്യുമെന്നും ഒരു ക്യാബിന്‍ ക്രൂ അംഗം പറഞ്ഞു.
സമരം മൂലം ഇന്നലെ 74 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ സമരത്തിനെതിരെ കര്‍ശന നടപടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് രംഗത്തെത്തിയിരുന്നു. 220ലേറെ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് സമരം നടത്തിയിരുന്നത്.സമരത്തെ തുടര്‍ന്ന് ബുധനാഴ്ച മാത്രം 91 വിമാനങ്ങള്‍ റദ്ദാക്കിയപ്പോള്‍, 102 വിമാന സര്‍വീസുകള്‍ വൈകുകയും ചെയ്തു. സമരത്തില്‍ ഇല്ലാത്ത മുഴുവന്‍ ജീവനക്കാരെയും ജോലിക്ക് ഇറക്കിയാലും ഒരു ദിവസം ചുരുങ്ങിയത് 40 ഫ്ളൈറ്റുകള്‍ എങ്കിലും റദ്ദാക്കേണ്ടി വരുമെന്നതായിരുന്നു സാഹചര്യം. ഇതിന് പിന്നാലെയാണ് സിഇഒ, ജീവനക്കാരുമായി ചര്‍ച്ച നടത്തിയത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് അസുഖ ബാധിതരെന്ന പേരില്‍ കാബിന്‍ ക്രൂ അംഗങ്ങള്‍ കൂട്ട അവധി എടുത്തത്. ഇതോടെ ബുധനാഴ്ച 91 സര്‍വീസുകള്‍ മുടങ്ങുകയും ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. മിന്നല്‍ പണിമുടക്കിന് കാരണക്കാരായ ചില വ്യക്തികള്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്‍റ് അറിയിച്ചിരുന്നു.
മുടങ്ങിയ 20 റൂട്ടുകളില്‍ എയര്‍ ഇന്ത്യ സര്‍വീസ് നടത്താനും ധാരണയായിരുന്നു. മൂന്നു മണിക്കൂറില്‍ കൂടുതല്‍ വിമാനം വൈകിയിട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് റീഫണ്ടിന് നല്‍കുകയോ പുതുക്കിയ തീയതിയില്‍ യാത്ര ചെയ്യാനുള്ള സൗകര്യം നല്‍കുകയോ ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു.
കേരളത്തിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ആസ്ഥാനം. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ ഉപഗ്രൂപ്പാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇതിലെ സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും മലയാളികളാണ്. കാബിന്‍ ക്രൂവിലെ ഏറ്റവും മുതിര്‍ന്ന തസ്തികകളിലൊന്നായ എല്‍1 വിഭാഗത്തില്‍ പെടുന്നവരായിരുന്നു സമരക്കാരില്‍ കൂടുതലും.

Leave a Reply

Your email address will not be published. Required fields are marked *