പാലക്കാട്: ഫുഡ് കോര്‍പറേഷന്‍െറ വിവിധ ഗോഡൗണുകളില്‍നിന്ന് സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം വഴിയുള്ള വാതില്‍പടി വിതരണത്തിനായി ഭക്ഷ്യധാന്യങ്ങള്‍ വിട്ടെടുക്കാന്‍ നടപടി രേഖ തയാറാക്കി. പുതിയ രേഖ പ്രകാരം ഭക്ഷ്യധാന്യങ്ങള്‍ വിട്ടെടുക്കുന്നതിന് മുമ്പായി സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ ഗുണനിലവാരം ഉറപ്പുവരുത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും വേണം.
സാമ്പിളുകള്‍ പരിശോധന നടത്തി അധികൃതര്‍ ഒപ്പുവെച്ച് സീല്‍ ചെയ്ത് സൂക്ഷിക്കും. മൂന്ന് സാമ്പിള്‍ പാക്കറ്റുകള്‍ ഇപ്രകാരം തയാര്‍ ചെയ്ത്, ഒരു പാക്കറ്റ് വിട്ടെടുപ്പ് നടത്തുന്ന വകുപ്പിന്‍െറ പക്കലും ഒന്ന് എഫ്.സി.ഐയുടെ ജില്ല കാര്യാലയത്തിലും മറ്റൊന്ന് വിട്ടെടുത്ത ഗോഡൗണിലും സൂക്ഷിക്കുന്നതാണ്. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നത് എഫ്.സി.ഐയുടെ പ്രാഥമിക ചുമതലയായിരിക്കും.
കീറിയതോ ദ്രവിച്ചതോ ആയ ചാക്കുകളില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യപ്പെടുന്നില്ലെന്നും എഫ്.സി.ഐ ഉറപ്പുവരുത്തും.50 കിലോഗ്രാമിന്‍െറ നിലവാരമുള്ള ബാഗുകളില്‍ ധാന്യങ്ങളുടെ വിതരണം നടത്താന്‍ എഫ്.സി.ഐ നടപടി സ്വീകരിക്കും.
അളവിനെയോ ഗുണത്തെയോ സംബന്ധിച്ചുണ്ടാകുന്ന സാധാരണ തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭക്ഷ്യ കമീഷന്‍ പ്രതിനിധി, എഫ്.സി.ഐ ഡിവിഷനല്‍ മാനേജര്‍, ജില്ല സപ്ലൈ ഓഫിസര്‍, എഫ്.സി.ഐ ഡിപ്പോ മാനേജര്‍ എന്നിവരടങ്ങിയ സമിതി രൂപവത്കരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതാണ്. എഫ്.സി.ഐയിലെ ചുമട്ടുതൊഴിലാളികള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്‍െറയോ സപ്ലൈകോയുടെയോ ട്രാന്‍സ്പോര്‍ട്ടിങ് കോണ്‍ട്രാക്ടര്‍മാരില്‍നിന്ന് അട്ടിക്കൂലി ആവശ്യപ്പെടാന്‍ പാടില്ല.
ഇക്കാര്യത്തില്‍ വരുന്ന പരാതികളില്‍ എഫ്.സി.ഐ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കരാറില്‍ വ്യവസ്ഥ ചെയ്യുന്നു.
സിവില്‍ സപ്ലൈസ് കമീഷണര്‍ ഡോ. ഡി. സജിത് ബാബുവും എഫ്.സി.ഐ കേരള ജനറല്‍ മാനേജര്‍ വിജയ് കുമാര്‍ യാദവും രേഖ ഒപ്പിട്ട് കൈമാറി. ഫുഡ് കോര്‍പറേഷന്‍റെ ഗോഡൗണുകളില്‍നിന്ന് വിട്ടെടുപ്പ് നടത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മയെക്കുറിച്ച് പൊതുവിതരണ വകുപ്പും സപ്ലൈകോയും പലപ്പോഴും പരാതി ഉന്നയിച്ചിരുന്നു.