ഹൈദരാബാദ്:കേരളത്തിന്റെ ചുമതലയുള്ള നാഷനല്‍ സ്റ്റുഡന്റ്സ് യൂണിയന് ഓഫ് ഇന്ത്യ (എന്‍.എസ്. യു. ഐ )ദേശീയസെക്രട്ടറി രാജ് സമ്പത്ത് കുമാര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ എട്ടരയോടെ ധര്‍മ്മവാരത്തെ ഒരു തടാകത്തിന്റെ കരയിലാണ് രാജ് സമ്പത്ത് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
ശ്രീസത്യസായി ജില്ലയിലെ ഹിന്ദുപൂര്‍ സ്വദേശിയാണ്. ദേഹമാസകലം ആഴത്തിലുള്ള പരുക്കുകളേറ്റിരുന്നു. ശരീരത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. അഭിഭാഷകന് കൂടിയായ രാജ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളിലും കേസുകളിലും ഇടപെട്ടിരുന്നു. ഹിന്ദുപൂര്‍ സ്വദേശി തന്നെയായ മറ്റൊരു അഭിഭാഷകനുമായി ഇക്കാര്യത്തില്‍ ഭിന്നതയും നിലനിന്നിരുന്നു. ഈ അഭിഭാഷകനെ ആക്രമിച്ചെന്ന കേസില്‍ പ്രതിയുമാണ് രാജ് സമ്പത്ത് കുമാര്‍. ഇതിന് പ്രതികാരമായിട്ടാണോ കൊലപാതകമെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച നെയ്യാറില്‍ നടന്ന കെ.എസ്.യു ക്യാമ്പില്‍ പങ്കെടുത്ത രാജ് സമ്പത്ത് കുമാര്‍ ഇന്നലത്തെ കെ.എസ്.യുവിന്റെ ജന്മദിനാഘോഷങ്ങളില് പങ്കെടുക്കാന്‍ വേണ്ടി എത്താനിരുന്നതാണ്.
കഴിഞ്ഞ ഏപ്രിലിലാണ് രാജിന് എന്‍.എസ്.യു.ഐ കേരളത്തിന്റെ ഏകോപനച്ചുമതല നല്‍കിയത്. രാജ് സമ്പത്ത് കുമാറിന്രെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ധര്‍മാവരം പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.