എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുന്ന കാര്യം പരിഗണനയിലെന്ന് വി.ശിവന്‍കുട്ടി

Top News

കൊച്ചി: നാഷണല്‍ സര്‍വീസ് സ്കീം(എന്‍.എസ്.എസ്) വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കു നല്‍കിയിരുന്ന ഗ്രേസ്മാര്‍ക്ക് പുനസ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. നാഷണല്‍ സര്‍വീസ് സ്കീം ഹയര്‍ സെക്കന്‍ഡറി വിഭാഗം സംസ്ഥാന അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കോവിഡ് കാലത്ത് ഗ്രേസ്മാര്‍ക്ക് നല്‍കിയിരുന്നില്ല. ഈ വര്‍ഷം മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലെ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം സാമൂഹ്യ സേവന മേഖലയില്‍ വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തനനിരതരാക്കുന്നതില്‍ വലിയ ഉത്തരവാദിത്തമാണ് വഹിക്കുന്നത്. ഒന്നരലക്ഷം വോളന്‍റിയര്‍മാരാണ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിലുള്ളത്. രണ്ട് പ്രളയ കാലങ്ങളിലും കോവിഡ് കാലത്തും മികച്ച സേവന മാതൃകകളാണ് ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് കാഴ്ചവച്ചത്.സാമൂഹ്യ പ്രതിബദ്ധത, സഹജീവി സ്നേഹം, ലിംഗസമത്വം, ശാസ്ത്രീയ മനോഭാവം, പരിസ്ഥിതി സ്നേഹം, ലഹരി വിരുദ്ധ പോരാട്ടം തുടങ്ങിയ മേഖലകളില്‍ വ്യക്തമായ ദിശാബോധവും കാഴ്ചപ്പാടും പുലര്‍ത്തുന്നവരാണ് എന്‍.എസ്.എസ് വോളന്‍റീയര്‍മാര്‍. അവരുടെ തനത് പ്രവര്‍ത്തനത്തിലൂടെ ഇതിനകം അറുന്നൂറില്‍പ്പരം വീടുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുപൂരകമാണ് ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് പദ്ധതികളെന്നും മന്ത്രി പറഞ്ഞു.
കേരള സര്‍ക്കാര്‍ തുടങ്ങിയ ‘നോ ടു ഡ്രഗ്സ്’ ലഹരി വിരുദ്ധ പദ്ധതിയോട് ചേര്‍ന്നു പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളാണ് ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് കാഴ്ച വച്ചിട്ടുള്ളത്. കൂടാതെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ച സമൂഹ ജാഗ്രത ജ്യോതി, ലഹരി വിരുദ്ധ തെരുവ് നാടകങ്ങള്‍, നൃത്ത ശില്പങ്ങള്‍, ലഹരിവിരുദ്ധ സന്ദേശ പരിപാടികള്‍ എന്നിവയിലെല്ലാം എന്‍.എസ്.എസ് വോളന്‍റീയര്‍മാരുടെ സ്വാധീനം വലുതാണ്. കൂടുതല്‍ മികച്ച പ്രവര്‍ത്തന മാതൃകകള്‍ സൃഷ്ടിക്കാന്‍ ഇനിയും എന്‍.എസ്.എസ് ടീമിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.ജില്ലാ ഹയര്‍സെക്കന്‍ഡറി എന്‍.എസ്.എസ് നിര്‍മിച്ച് നല്‍കുന്ന സ്നേഹ ഭവനത്തിന്‍റെ താക്കോല്‍ദാന കൈമാറ്റവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ പി.വി ശ്രീനിജിന്‍ എം.എ.ല്‍എ അധ്യക്ഷത വഹിച്ചു. 2021-22 ല്‍ വിദ്യാര്‍ഥികളുടെ സപ്തദിന ക്യാമ്ബിന്‍റെ ഭാഗമായി തയാറാക്കിയ മികച്ച എന്‍.എസ്.എസ് തനതിടങ്ങള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *