ഗുവാഹത്തി: 2019 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ ലിസ്റ്റിനെതിരെ അസം സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്.കൃഷിമന്ത്രി അതുല്‍ ബോറയാണ് ഇക്കാര്യം അറിയിച്ചത്.
ആള്‍ അസം സ്റ്റുഡന്‍റ്സ് യൂനിയനുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അസം സര്‍ക്കാറിന്‍റെ നീക്കമെന്നും ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്‍.ആര്‍.സി അംഗീകരിക്കാനാവില്ല. അതിനാല്‍ പുനഃപരിശോധനക്കായി സുപ്രീംകോടതിയെ സമീപിക്കും.
വ്യാഴാഴ്ച ഇതുസംബന്ധിച്ച് എ.എ.എസ്.യു നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അതുല്‍ബോറ വ്യക്തമാക്കി. അതേസമയം, എന്‍.ആര്‍.സി പട്ടികയില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി എ.എ.എസ്.യു ഉപദേഷ്ടാവ് സമുജാല്‍ ഭട്ടാചാര്യ രംഗത്തെത്തി. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോടും ഇക്കാര്യത്തില്‍ ഹരജി സമര്‍പ്പിക്കാന്‍ അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എന്‍.ആര്‍.സി സംസ്ഥാന കോഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ്മ ഗുവാഹത്തി ഹൈകോടതി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 2019 ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച ലിസ്റ്റ് സപ്ലിമെന്‍ററി ലിസ്റ്റാണെന്നും 4795 അര്‍ഹരല്ലാത്തവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു സത്യവാങ്മൂലം.