തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എന്‍മകജെ, പുലൂര്‍ വില്ലേജുകളില്‍ സായ് ട്രസ്റ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്ന 55 വീടുകള്‍ ഈ മാസം 30നകം ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സജ്ജമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ പുനരധിവാസം സംബന്ധിച്ച വിവിധ പ്രശ്നങ്ങള്‍ അടിയന്തിരമായി തീര്‍ക്കാന്‍ ഉദ്യോഗസ്ഥതല യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. നിലവിലെ പ്രവൃത്തികളിലെ തടസ്സങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.
നിലവില്‍ കുടിവെള്ളവും വൈദ്യുതിയും എത്താത്തിടത്ത് അവ എത്തിക്കാനും റോഡുകള്‍ സജ്ജമാക്കാനുമുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ബഡ്സ് സ്കൂളുകള്‍ അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ കേരള സാമൂഹ്യസുരക്ഷാ മിഷനെയും കുടുംബശ്രീ മിഷനേയും ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
ഈ സ്കൂളുകളിലെ ജീവനക്കാരുടെ കരാര്‍ പുതുക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അടിയന്തിരമായി തീര്‍പ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബഡ്സ് സ്കൂളുകള്‍ക്ക് രജിസ്ട്രേഷന് പതിനെട്ടു വയസ്സില്‍ താഴെയുള്ള കുറഞ്ഞത് ഇരുപതു കുട്ടികളെങ്കിലും വേണമെന്ന വ്യവസ്ഥയില്‍ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ബഡ്സ് സ്കൂളുകള്‍ക്ക് മാത്രമായി ഇളവു നല്‍കാന്‍ ശുപാര്‍ശ ചെയ്യും.
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്‍റെ ഒന്നാം ഘട്ടത്തിലെ വീടുകളുടെ നിര്‍മാണം 2023 മെയ് മാസത്തിനകം പൂര്‍ത്തിയാക്കും. ക്ലിനിക്കല്‍ സൈക്കോളജി, ഹൈഡ്രോ തെറാപ്പി, കണ്‍സള്‍ട്ടിങ് ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണമാണ് ഒന്നാംഘട്ടത്തില്‍ തീര്‍ക്കുക. രണ്ടാം ഘട്ടത്തില്‍ ഏതെല്ലാം ഘടകങ്ങള്‍ വേണമെന്നു തീരുമാനിക്കാനുള്ള യോഗം എത്രയുംവേഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.