തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.കാസര്‍കോട് ജില്ലയില്‍ വിദഗ്ധരായ ഡോക്ടര്‍മാരില്ല. ആശുപത്രികളില്‍ ട്രോമാ കെയര്‍ സെന്‍ററില്ല. സാമ്പത്തിക സഹായം വേണമെന്ന് മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ 1031 പേരെ ഇതുവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിഷയത്തില്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി ഇടപെടണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ പൂര്‍ണമായി വിതരണം ചെയ്തിട്ടില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എന്‍.എ. നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി. ദുരിതാശ്വാസം സംബന്ധിച്ച സുപ്രീംകോടതി വിധി പൂര്‍ണമായി നടപ്പാക്കിയിട്ടില്ലെന്നും നെല്ലിക്കുന്ന് പറഞ്ഞു. അര്‍ഹരായ 6000 പേരില്‍ 1200 പേര്‍ക്ക് മാത്രമാണ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയത്. ദുരിതബാധിതര്‍ക്ക് പുനരധിവസം നടപ്പാക്കാനുള്ള പ്രവര്‍ത്തനം ഒരു വര്‍ഷമായി നിശ്ചലമാണെന്നും എന്‍.എ. നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി.