ന്യുഡല്‍ഹി: എട്ടു മണിക്കൂറില്‍ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലെത്താനുള്ള ഗതാഗത പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍.നിലവില്‍ കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ വിജയിക്കുകയാണെങ്കില്‍ ഭാവിയില്‍ എട്ടു മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലെത്താന്‍ സാധിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
‘ദി കശ്മീര്‍ ഫയല്‍സ്’ സിനിമയുടെ സംവിധായകനെയും അഭിനേതാക്കളെയും അനുമോദിക്കുന്നതിനായി ഇന്ത്യ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും കശ്മീരിനും ലഡാക്കിനും ഇടയിലുള്ള സോസിലയില്‍ ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കമാണ് നിര്‍മിക്കപ്പെടുന്നതെന്നും ഗഡ്കരി അറിയിച്ചു. ലേമണാലി റൂട്ടിലെ അടല്‍ ടണല്‍ ഇതിനകം തന്നെ യാത്രാ സമയം കുറക്കാന്‍ സഹായിച്ചിട്ടുണ്ട്. ശ്രീനഗര്‍കത്രഡല്‍ഹി എക്സ്പ്രസ് വേയുടെ പണി പൂര്‍ത്തിയാകുന്നതിലൂടെ യാത്രാസമയം ഇനിയും കുറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ നിരവധി ആളുകള്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ സാധിക്കുമെന്നും യാത്രാസമയം ലഘൂകരിക്കുന്നത് അവര്‍ക്ക് ഏറെ സഹായപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.