തിരുവനന്തപുരം : ഓണക്കാലത്ത് വ്യാജ മദ്യ-മയക്കുമരുന്ന് വിപണനം തടയുന്നതിനുള്ള സ്പെഷ്യല്‍ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ഡ്രൈവ് ഇന്ന് ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. സെപ്റ്റംബര്‍ 12ന് രാത്രി 12 മണി വരെയാണ് സ്പെഷ്യല്‍ ഡ്രൈവ് നടക്കുന്നത്. വ്യാജമദ്യത്തിന്‍റെയും സ്പിരിറ്റിന്‍റെയും യും മയക്കുമരുന്നിന്‍റെയും കളക്കടത്തും സംഭരണവും തടയുകയാണ് ഡ്രൈവിന്‍റെ ലക്ഷ്യം. രഹസ്യ വിവരശേഖരണം നടത്തിയും പൊതുജനങ്ങളുടെ സഹായത്തോടെയും പൊലീസിനോടൊപ്പം ചേര്‍ന്നും എക്സൈസ് ഫലപ്രദമായ ഇടപെടല്‍ നടത്തും. മയക്കുമരുന്ന് ഉപയോഗം തടയാനും കാര്യക്ഷമമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലഹരി കുറ്റകൃത്യങ്ങളില്ലാത്ത ഓണം ഉറപ്പാക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ ഊര്‍ജിതമായ ശ്രമം ഉണ്ടാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ഓരോ ജില്ലയെയും രണ്ട് മേഖലയായി തിരിച്ച് 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് രൂപീകരിക്കും. എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ക്കാകും ചുമതല. പരാതികള്‍ വന്നാല്‍ ഉടന്‍ ഇടപെടാന്‍ വേണ്ടിയാണ് ഈ സംവിധാനം. റെയിഞ്ച്-സര്‍ക്കിള്‍-സ്ക്വാഡ് ഓഫീസുകളിലുള്ള ഉദ്യോഗസ്ഥരെ രണ്ട് ടീമായി തിരിച്ച് ഓരോ ടീമും ഒന്നിടവിട്ട ദിവസങ്ങളില്‍ തീവ്രയജ്ഞ പരിപാടി നടത്തും. അബ്കാരി/എന്‍ഡിപിഎസ് കുറ്റകൃത്യങ്ങളില്‍ മുന്‍പ് ഏര്‍പെട്ടവരെ സൂക്ഷ്മമായി നിരീക്ഷിക്കും. മദ്യമയക്കുമരുന്ന് കടത്ത് കേസില്‍ പെട്ടവരുടെയും വ്യാജമദ്യ വില്‍പ്പന നടത്തുന്നയാളുകളുടെയും പട്ടിക തയ്യാറാക്കി കര്‍ശനമായി നിരീക്ഷിക്കും.