എം.ശിവശങ്കറിന് ജാമ്യം

Top News

ചികിത്സാ ആവശ്യത്തിന് രണ്ടു മാസമാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്

ന്യൂഡല്‍ഹി : എം. ശിവശങ്കറിനു സുപ്രീം കോടതി രണ്ട് മാസം ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കുന്നതിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അതിശക്തമായി എതിര്‍ത്തെങ്കിലും ചികിത്സാ ആവശ്യം കണക്കിലെടുത്താണ് ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്.
കസ്റ്റഡിയിലിരിക്കെ തന്നെ അദ്ദേഹം ആവശ്യപ്പെടുന്ന ചികിത്സ, ഇഷ്ടാനുസരണം ആശുപത്രിയില്‍ അനുവദിക്കാമെന്ന് ഇഡി ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. നട്ടെല്ലിനു ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ടെന്നു ശിവശങ്കറിന്‍റെ അഭിഭാഷകനായ ജയദീപ് ഗുപ്തയും മനു ശ്രീനാഥും ചൂണ്ടിക്കാട്ടി. ശിവശങ്കര്‍ ചികിത്സ തേടിയ എറണാകുളം ആശുപത്രിയും വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിട്ടുണ്ടെന്നു രേഖകള്‍ പരിശോധിച്ചു കോടതി വ്യക്തമാക്കി. ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് കോടതിയുടെ അനുകൂല തീരുമാനം. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ചികിത്സ ആവശ്യത്തിനു മാത്രമാണ് ഇളവെന്നും കോടതി വ്യക്തമാക്കി.
ജാമ്യ കാലയളവില്‍ ശിവശങ്കര്‍ തന്‍റെ വീടിനും, ആശുപത്രിക്കും, ആശുപ്രതിക്ക് സമീപ പ്രദേശങ്ങളിലും ഒഴികെ മറ്റൊരു സ്ഥലത്തേക്കും പോകരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. യുഎഇ റെഡ് ക്രെസന്‍റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയാണു സന്തോഷ് ഈപ്പന്‍റെ യൂണിടാക് കമ്പനി ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *