എം ശിവശങ്കര്‍ ഇ ഡി കസ്റ്റഡിയില്‍

Kerala

കൊച്ചി: ലൈഫ്മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി ) കസ്റ്റഡിയില്‍ വിട്ടു. അടിയന്തരമായി കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. വരുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കണം.ആറ് പ്രതികളുള്ള കേസില്‍ അഞ്ചാംപ്രതിയാണ് ശിവശങ്കര്‍. കേസില്‍ 3 കോടി 38 ലക്ഷത്തിന്‍റെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇ ഡി കണ്ടെത്തല്‍.
ഇന്നലെ വൈകിട്ട് നാലരയോടെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ അഞ്ചുദിവസത്തേക്കാണ് ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ടത്. ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ച കോടതി, ചോദ്യംചെയ്യലിന് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു.രണ്ടുമണിക്കൂര്‍ ചോദ്യംചെയ്യലിന് ശേഷം ഇടവേള അനുവദിക്കണം, ഇടവേളയില്‍ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായാല്‍ വൈദ്യസഹായം നല്‍കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. അന്വേഷണത്തോട് ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും, ഭക്ഷണം കഴിക്കാതെ പലപ്പോഴും ഉപവാസം ആണെന്നും ഇ ഡി കോടതിയെ അറിയിച്ചു. 10 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കിയതെങ്കിലും ഈ മാസം 20 വരെയാണ് ശിവശങ്കരനെ കസ്റ്റഡിയില്‍ വിട്ടത്.
ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ശിവശങ്കറിന്‍റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 10.30 ഓടെ എറണാകുളം ജനറല്‍ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധ നടത്തി.ലോക്കറില്‍ ഒരു കോടി രൂപ കണ്ടെത്തിയതിന് പിന്നാലെ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയാണ് എം ശിവ ശങ്കറിന്‍റെ അറസ്റ്റില്‍ നിര്‍ണായകമായത്. ശിവശങ്കറിനു ലഭിച്ച കോഴപ്പണമാണ് ഇതെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ കുറ്റസമ്മതം നടത്തിയിട്ടില്ല. അതിനാല്‍ കുറ്റസമ്മതം മൊഴിയില്ലാതെയാണ് ഇ ഡി അറസ്റ്റിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *