കല്‍പ്പറ്റ:എംപി സ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും വയനാട്ടിലെ ജനങ്ങളോടുള്ള ബന്ധം സുദൃഢമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോഗ്യതാ നടപടി നേരിട്ടശേഷം ആദ്യമായി കല്‍പറ്റയില്‍ സംഘടിപ്പിച്ച ‘സത്യമേവ ജയതേ’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗതം അദാനിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.
എംപി എന്നത് ഒരു സ്ഥാനം മാത്രമാണ്. ബിജെപിക്ക് ആ സ്ഥാനം എടുത്തുമാറ്റാന്‍ സാധിച്ചേക്കും. എന്‍റെ വീട് എടുത്തുമാറ്റാന്‍ സാധിച്ചേക്കും. എന്നെ ജയിലില്‍ അടയ്ക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് തടയാന്‍ അവര്‍ക്ക് സാധിക്കില്ല. രാഹുല്‍ പറഞ്ഞു.
രാഹുല്‍ ധീരനാണ്. ആര്‍ക്കും രാഹുലിനെ നിശ്ശബ്ദനാക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവും രാഹുലിന്‍റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. നിങ്ങള്‍ എപ്പോഴും താങ്ങും തണലുമായി ഉണ്ട് എന്ന് എനിക്കറിയാം. നിങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. എന്നാല്‍ ഗുജറാത്ത് കോടതി അയോഗ്യനാക്കി. ഇന്ന് നിങ്ങളുടെ എംപിയുടെ ഭാവി കോടതിയുടെ കൈകളിലാണ്. അനീതികള്‍ക്കെതിരെ ചോദ്യം ചോദിക്കാനുള്ള അവകാശമാണ് ഇന്ന് അപകടത്തിലായിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി ആദ്യമായാണ് മണ്ഡലത്തിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പി. കെ.കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, മോന്‍സ് ജോസഫ് എംഎല്‍എ, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, സി.പി ജോണ്‍ തുടങ്ങിയ നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. ജനനിബിഡമായ റോഡ്ഷോ നടന്നു. വന്‍ ജനാവലിയാണ് രാഹുലിനെ കാണാന്‍ വേണ്ടി തടിച്ചുകൂടിയത്.
