ഉല്‍പാദനം കൂട്ടി എണ്ണവില നിയന്ത്രിക്കാന്‍
ഉല്‍പാദക രാജ്യങ്ങളുടെ തീരുമാനം

India Latest News

ലണ്ടന്‍: ആഗോള സമ്പദ്വ്യവസ്ഥയെ സമ്മര്‍ദത്തിലാക്കി കുതിക്കുന്ന എണ്ണവില ഇനിയും ഉയരാതെ സൂക്ഷിക്കാന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു. റഷ്യയുള്‍പെടെ ഉല്‍പാദക രാജ്യങ്ങള്‍ എണ്ണയുടെ അളവ് ആഗസ്റ്റ് മുതല്‍ വര്‍ധിപ്പിക്കും. എണ്ണവില രണ്ടര വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതോടെയാണ് ഒപെക് രാജ്യങ്ങളുടെ തീരുമാനം. ഈ വര്‍ഷം മാത്രം 43 ശതമാനം വര്‍ധിച്ച് ബാരലിന് 74 ഡോളറിലെത്തിയിട്ടുണ്ട്.
മഹാമാരി പിടിമുറുക്കിയ കഴിഞ്ഞ വര്‍ഷം ആവശ്യം കുറയുകയും വില കുത്തനെ താഴോട്ടുപതിക്കുകയും ചെയ്തതോടെ ഒപെക് രാജ്യങ്ങള്‍ ഒരുകോടി ബാരല്‍ ഉല്‍പാദനം വെട്ടിക്കുറച്ചിരുന്നു. ഈ വര്‍ഷം സമ്പദ്വ്യവസ്ഥകള്‍ വീണ്ടും ജീവന്‍ വെച്ചുതുടങ്ങിയതോടെയാണ് ആവശ്യം വര്‍ധിച്ചത്. മതിയായ അളവില്‍ എണ്ണ ലഭ്യമല്ലാത്ത സ്ഥിതി വന്നതോടെ വില കുതിക്കുകയും ചെയ്തു.ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും ഒപെക് അംഗരാജ്യങ്ങള്‍ക്കിടയിലെ ഭിന്നതകളില്‍ തട്ടി തീരുമാനം നീളുകയായിരുന്നു. ലോക വിപണിയിലെ എണ്ണയുടെ 50 ശതമാനത്തിലേറെയും നിയന്ത്രിക്കുന്നത് ഒപെക് രാജ്യങ്ങളാണ്. പുതിയ ഒത്തുതീര്‍പ് വ്യവസ്ഥ പ്രകാരം ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ മാസങ്ങളില്‍ 20 ലക്ഷം ബാരല്‍ വീതം ഉല്‍പാദനം വര്‍ധിപ്പിക്കും. യു.എ.ഇ, സൗദി അറേബ്യ, റഷ്യ, കുവൈത്ത്, ഇറാഖ് ഉള്‍പെടെ അംഗരാജ്യങ്ങള്‍ ഇതിന്‍റെ ഭാഗമായി ഉല്‍പാദനം കുട്ടും.

Leave a Reply

Your email address will not be published. Required fields are marked *