.മോദിയുടെ ഗ്യാരന്‍റികള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി . തൃശൂരിനെ ഇളക്കിമറിച്ച് റോഡ് ഷോ
തൃശൂര്‍: തുടര്‍ഭരണത്തിലും ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ച സര്‍ക്കാരാണ് തന്‍റേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. മോദിയുടെ ഗ്യാരന്‍റി എന്ന് നിരവധി തവണ ആവര്‍ത്തിച്ചാണ് പ്രധാനമന്ത്രി സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്. തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മോദിയുടെ ഉറപ്പാണ് നാട്ടിലെങ്ങും ചര്‍ച്ച. സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത്.വനിതാ സംവരണ ബില്‍ പാസാക്കിയത് വലിയ നേട്ടമാണ്. മുസ്ലീം സ്ത്രീകളെ മുത്തലാഖില്‍ നിന്ന് മോചിപ്പിച്ചത് ബി.ജെ.പി സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ ജീവിതം സുഖകരമാക്കാനായി ഉജ്ജ്വല പദ്ധതി നടപ്പിലാക്കി. 11 കോടി കുടുംബങ്ങള്‍ക്ക് പൈപ്പ് വെളളം നല്‍കാന്‍ സാധിച്ചു. 12 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചുനല്‍കി. കേരളത്തിലെ 60 ലക്ഷം സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു. 30 കോടിയിലധികം മഹിളാ ഉപയോക്താക്കള്‍ക്ക് മുദ്രവായ്പകള്‍ നല്‍കി. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം. കേന്ദ്രസര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ മോദി വിരോധത്തിന്‍റെ പേരില്‍ കേരളത്തില്‍ നടപ്പാക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പാര്‍ട്ടി നേതാക്കള്‍ക്കു പുറമെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍ സന്നിഹിതരായി. പി.ടി.ഉഷ,നടി ശോഭന, ബീനാ കണ്ണന്‍, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍, മറിയക്കുട്ടി, ക്രിക്കറ്റ് താരം മിന്നു മണി തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തി
മോദിയുടെ റോഡ് ഷോ നഗരത്തെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിക്കുന്നതായി.
സ്വരാജ് റൗണ്ടില്‍ നിന്നും ഇന്നലെ വൈകിട്ട് 3.40 നാണ് തുറന്ന ജീപ്പില്‍ റോഡ് ഷോ ആരംഭിച്ചത്. ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, സുരേഷ് ഗോപി, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ സി. നിവേദിത എന്നിവര്‍ മോദിക്കൊപ്പം റോഡ്ഷോയില്‍ പങ്കെടുത്തു. ജനങ്ങളുടെ നേരെ കൈകൂപ്പിയും കൈവീശിയും പ്രധാനമന്ത്രി അഭിവാദ്യങ്ങള്‍ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളും ബി.ജെ.പി പ്രവര്‍ത്തകരും ഉള്‍പ്പെടെ വന്‍ ജനാവലി പ്രധാനമന്ത്രിയെ കാണാന്‍ എത്തിയിരുന്നു. ഏതാണ്ട് ഒന്നര കിലോമീറ്ററോളമാണ് റോഡ്ഷോയുണ്ടായിരുന്നത്. തുടര്‍ന്ന് വനിതാസമ്മേളന വേദിയിലേക്ക് പ്രധാനമന്ത്രി നടന്നെത്തുകയായിരുന്നു. ഇരുവശത്തുനിന്നും ജനങ്ങള്‍ പുഷ്പ വൃഷ്ടി നടത്തി.