തിരുവനന്തപുരം: സോളാര്‍ പീഡന ആരോപണ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സി. ബി.ഐ യുടെ ക്ലീന്‍ചിറ്റ്. ഉമ്മന്‍ചാണ്ടിക്കെതിരെയും എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെയും തെളിവില്ലെന്നും ഇവരെ കുറ്റവിമുക്തരാക്കിയെന്നും കാണിച്ച് സി.ജെ.എം കോടതിയില്‍ സി. ബി. ഐ റിപ്പോര്‍ട്ട് നല്‍കി.ക്ലിഫ്ഹൗസില്‍വെച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരി ആരോപിച്ചത്. എന്നാല്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരി പരാമര്‍ശിക്കുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നെന്ന് വ്യക്തമായി. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഉമ്മന്‍ചാണ്ടിക്കും എ.പി അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ചിറ്റ് നല്‍കിയതോടെ ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിച്ച മുഴുവന്‍ കേസുകളിലും പ്രതികളെ കുറ്റവിമുക്തരാക്കി. നേരത്തെ കേസിലുള്‍പ്പെട്ട കെ. സി. വേണുഗോപാലിനും എ. പി. അനില്‍കുമാറിനും ഹൈബി ഈഡനും അടൂര്‍ പ്രകാശിനും സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് സി.ബി.ഐ അന്വേഷണം നടത്തിവന്നത്.
അതേസമയം ഉമ്മന്‍ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കള്‍ക്കുണ്ടായ അപമാനത്തിന് ആര് കണക്ക് പറയും. പോലീസ് അന്വേഷിച്ചു ഒന്നും കണ്ടെത്താത്ത കേസാണ് സി.ബി.ഐക്ക് വിട്ടത്. വൈര്യനിര്യാതന ബുദ്ധിയോടെയാണ് സോളാര്‍ കേസ് സി. ബി. ഐ യ്ക്ക് വിട്ടതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.അതിനിടെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരി അറിയിച്ചു.