ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് മമത ബാനര്‍ജിയോട് കൂടിയാലോചിച്ചില്ലെന്ന് ആരോപിച്ചാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.’ടി.എം.സി.യെ ഒപ്പം നിര്‍ത്താതെ പ്രതിപക്ഷ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച നടപടിയോട് ഞങ്ങള്‍ വിയോജിക്കുന്നു. ഞങ്ങളുമായി കൂടിയാലോചിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ കഴിയില്ല’ അഭിഷേക് ബാനര്‍ജി പറഞ്ഞു.
വ്യാഴാഴ്ച തൃണമൂല്‍ എം.പിമാരുമായി മമത ബാനര്‍ജി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം അറിയിച്ചത്. ആഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി.