തിരുവനന്തപുരം:രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കേരളത്തിലെത്തി. ഇന്ന് രാവിലെ പത്തരയ്ക്ക് നിയമസഭാ മന്ദിരത്തിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് പത്നി സുദേഷ് ധന്‍കറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുര ത്തെത്തിയ ഉപരാഷ്ട്രപതിയെ വിമാനത്താവളത്തില്‍ ആരിഫ് മുഹമ്മദ്ഖാന്‍, ഗതാഗത മന്ത്രി ആന്‍റണി രാജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മേയര്‍ ആര്യ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പൊലീസ് മേധാവി അനില്‍ കാന്ത്, അഡിഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച അദ്ദേഹം ഭാര്യസമേതം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
രാജ്ഭവനില്‍ തങ്ങിയ അദ്ദേഹം തിങ്കളാഴ്ച രാവിലെ പത്തിന് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കുന്ന പ്രഭാതവിരുന്നില്‍ പങ്കെടുക്കും. പത്തരയ്ക്ക് നിയമസഭാമന്ദിരത്തിന്‍റ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തശേഷം ഉപരാഷ്ട്രപതി പകല്‍ ഒന്നിന് കണ്ണൂരിലെത്തും. തുടര്‍ന്ന് റോഡുമാര്‍ഗം 2.25ന് തലശേരിയിലും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ 3.30ന് ഏഴിമല നാവികസേന അക്കാദമിയിലുമെത്തും. വൈകിട്ട് 5.50ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഉപരാഷ്ട്രപതി ഡല്‍ഹിയിലേക്ക് മടങ്ങും.
