ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ നിയമഭേദഗതി വേണം

Kerala

.നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവിസംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി.വനം മന്ത്രി എ.കെ. ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്.പ്രായോഗിക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം കൂടി വേണമെന്ന് ടി.സിദ്ദിഖ് എം എല്‍ എ ആവശ്യപ്പെട്ടു. നഷ്ടപരിഹാരതുക ഉയര്‍ത്തുന്നത് സംസ്ഥാനത്തിന്‍റെ പരിധിയാണെന്നും അത് പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരിയാവില്ലെന്നും മന്ത്രി പ്രതികരിച്ചു.
വന്യജീവികള്‍ പെറ്റുപെരുകി ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണെന്ന് പ്രമേയം അവതരിപ്പിക്കവെ മന്ത്രി പറഞ്ഞു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ അനുമതി നിഷേധിക്കുന്നു. കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്‍റെ 62ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നു പ്രമേയത്തില്‍ പറയുന്നു. കേന്ദ്ര നിയമം കാലാനുസൃതമായി ഭേദഗതി ചെയ്ത് വന്യജീവി ആക്രമണം തടയുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) എ വകുപ്പ് പ്രകാരം വൈല്‍ഡ് ലൈഫ് വാര്‍ഡനു നല്‍കിയിട്ടുള്ള എല്ലാ അധികാരങ്ങളും അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നവിധം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കു നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. നിലവിലെ നിയമങ്ങളില്‍ കേന്ദ്രം ഭേദഗതി വരുത്താത്ത സാഹചര്യത്തിലാണു സംസ്ഥാനം പ്രമേയം പാസാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *