കൊച്ചി: പി ടി തോമസിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭാ മണ്ഡല ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം.
ഉപതെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം. നിയമപ്രകാരം തൃക്കാക്കര മണ്ഡലത്തില് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ജൂണ് മാസം അവസാനം വരെ സമയമുണ്ട്. സാധാരണ നിലയില് ഒഴിവ് വന്ന സീറ്റിലേക്ക് ആറു മാസത്തിനുള്ളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
മാര്ച്ച് ആദ്യം നടത്തുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഇതര സംസ്ഥാനങ്ങളില് ഒഴിവ് വന്ന മുഴുവന് മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. 2022 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ കൂടി ഉള്പ്പെടുത്തി ബുധനാഴ്ച വോട്ടര് പട്ടിക പ്രസിദ്ധീകരിക്കും.
പി ടി തോമസിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്ക് ഏത് സ്ഥാനാര്‍ത്ഥിയെ നിര്ത്തുമെന്ന സജീവ ചര്‍ച്ചയിലാണ് കോണ്ഗ്രസ്. ഉപതെരഞ്ഞെടുപ്പില് അദ്ദേഹത്തിന്‍റെ മകന് വിഷ്ണു തോമസിനെയോ ഭാര്യ ഉമ തോമസിനെയോ മത്സരിപ്പിക്കണമെന്ന ആവശ്യവും കോണ്ഗ്രസില് നിന്ന് ഉയരുന്നുണ്ട്.