തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 30 മികവിന്‍റെ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാലകളുമായി ബന്ധപ്പെട്ടു സ്ഥാപിക്കുന്ന ഇവ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന ശാക്തീകരണ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്‍റെ ആസ്ഥാന മന്ദിരത്തിന്‍റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ രംഗത്തു കേരളം രാജ്യത്തുതന്നെ മുന്‍പന്തിയിലാണെങ്കിലും കാലത്തിനനുസൃതമായ കോഴ്സുകള്‍ക്കു ചേരണമെന്നും പഠിക്കണമെന്നുമുള്ള വിദ്യാര്‍ഥികളുടെ ആവശ്യം വേണ്ടവിധം നിറവേറ്റാനാകാത്തതു കുറവായി നില്‍ക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മികവിന്‍റെ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായില്ലെന്നതാണ് ഈ കുറവിനു കാരണം. അതു തിരുത്താനും ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ കാലാനുസൃതമായ മികവു കൊണ്ടുവരാനുമുള്ള ശ്രമങ്ങളാണു സര്‍ക്കാര്‍ നടത്തുന്നത്.സംസ്ഥാനത്ത് 30 സെന്‍റര്‍ ഓഫ് എക്സലന്‍സുകള്‍ സ്ഥാപിക്കുകയാണു സര്‍ക്കാരിന്‍റെ ലക്ഷ്യം. അതില്‍ അഞ്ചോ ആറോ എണ്ണമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കുന്നത്. അടുത്തടുത്ത വര്‍ഷങ്ങളില്‍ ഇവയുടെ എണ്ണം വര്‍ധിപ്പിച്ചു മുപ്പതിലേക്ക് എത്തിക്കാനാകും. മികവിന്‍റെ കേന്ദ്രങ്ങള്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ടായിരിക്കും നില്‍ക്കുന്നതെങ്കിലും സര്‍വകലാശാലകളുടെ നിയന്ത്രണത്തിലായിരിക്കില്ല. അവ തീര്‍ത്തും സ്വതന്ത്രമായിരിക്കും. സെന്‍റര്‍ ഓഫ് എക്സലന്‍സുകളുടെ പ്രവര്‍ത്തനത്തിന് ഒരുതരത്തിലുമുള്ള പരിമിതി സൃഷ്ടിക്കുന്ന നിലയുണ്ടാകരുത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുക്കണം. അക്കാദമിക് രംഗത്തെ മുന്നേറ്റത്തിനു തടസമായി നില്‍ക്കുന്ന വിഷയങ്ങള്‍ ക്രോഡീകരിച്ച് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച കമ്മിഷനുകള്‍ റിപ്പോര്‍ട്ടായി നല്‍കിയിട്ടുണ്ട്. അവ ഷെല്‍ഫില്‍ വയ്ക്കാനുള്ളതല്ല. നടപ്പാക്കാനുള്ളതാണ്. ഇതു പൂര്‍ത്തിയാകുന്നതോടെ ഇപ്പോഴത്തെ ചെറിയ പ്രശ്നങ്ങള്‍ക്കു പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തില്‍ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കൊഴിഞ്ഞുപോകുന്ന അവസ്ഥ ഉണ്ടാകില്ലെന്ന് 2016നു മുന്‍പ് ആരും വിശ്വസിക്കില്ലായിരുന്നു. ബഡായി പറയുകയാണെന്ന സ്ഥിതിയായിരുന്നു അന്ന്. എന്നാല്‍ ഇപ്പോള്‍ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് ഒരു വേവലാതിയുമില്ല. 10 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതുതായി വന്നുചേര്‍ന്നു. പരമ്പരാഗത രീതിവിട്ട് ഇടപെട്ടപ്പോഴാണു പൊതുവിദ്യാഭ്യാസ രംഗത്തു നല്ല മാറ്റമുണ്ടായത്. അതേ രീതിയില്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലും മാറ്റമുണ്ടാക്കണമെന്നാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നമ്മുടെ കുട്ടികള്‍ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുപോയാണു പല കോഴ്സുകളും പഠിക്കുന്നത്. എന്നാല്‍ അവരെല്ലാം ഇവിടെ പഠിക്കുന്നുവെന്നു മാത്രമല്ല, സംസ്ഥാനത്തിനു പുറത്തും രാജ്യത്തിനു പുറത്തുമുള്ള കുട്ടികള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് മികവിനെക്കുറിച്ചു കേട്ടും കണ്ടുമറിഞ്ഞ് ഇവിടേക്കു വരാന്‍ തയാറാകും. ഇത് ഇപ്പോള്‍ പറയമ്പോള്‍ സാധിക്കുന്നതാണോയെന്നു ചിലര്‍ക്കെങ്കലും തോന്നും. ഒരു സംശയവും വേണ്ട, സാധിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയെ അക്കാദമിക് മികവ് നേടുന്നതിനും അത്യുന്നതിയിലേക്ക് ഉയര്‍ത്തുന്നതിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വരുന്ന രണ്ടു മൂന്നു വര്‍ഷംകൊണ്ട് മികവിന്‍റെ കേന്ദ്രങ്ങളായി മാറുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.