മുംബൈ : മഹാരാഷ്ട്രയില്‍ വഴികളെല്ലാം അടഞ്ഞതോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ രാജിയിലേക്ക് നീങ്ങുകയാണ് .വിമത പക്ഷം കൂടുതല്‍ ശക്തി പ്രാപിച്ചതോടെ മഹാവികാസ് അഘാടി സഖ്യം വിടാന്‍ ശിവസേന തയ്യാറാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൗത്ത് വ്യക്തമാക്കി. എല്ലാ എംഎല്‍എമാരുടെയും അഭിപ്രായം ഇതാണെങ്കില്‍ പരിഗണിക്കാം. പക്ഷേ അത് ആഗ്രഹിക്കുന്ന എംഎല്‍എമാര്‍ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചര്‍ച്ച നടത്തണമെന്നാണ് സഞ്ജയ് റൗത്ത് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. എന്നാല്‍സഖ്യം വിടാം എന്ന തീരുമാനം വൈകിപ്പോയി എന്നായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം. അഘാഡി സഖ്യം വിടണമെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണം എന്നതായിരുന്നു ഷിന്‍ഡെയുടെപ്രധാന ആവശ്യം.ഒപ്പം ഹിന്ദു അജണ്ടയിലേക്ക് മടങ്ങിപ്പോകണം എന്നും. ഉദ്ദവ് താക്കറെ പക്ഷം ഒടുവില്‍ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചെങ്കിലും തീരുമാനം വൈകിപ്പോയെന്ന് ചൂണ്ടിക്കാണിച്ചു സമവായ നീക്കത്തില്‍ നിന്നും പിന്തിരിഞ്ഞു നില്‍ക്കുകയാണ് വിമതപക്ഷം.
ഉദ്ദവ് താക്കറെയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടമാകുന്നതിനൊപ്പം പാര്‍ട്ടിയും വിമതര്‍ പിടിച്ചെടുക്കുന്ന അവസ്ഥയിലാണ് . 38 എംഎല്‍എമാര്‍ ഒപ്പം ചേര്‍ന്നതോടെ ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഏകനാഥ് ഷിന്‍ഡേയും കൂട്ടരും നീക്കം തുടങ്ങി. ആകെ 42 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ഷിന്‍ഡേ വീഡിയോ പുറത്തുവിട്ടു.മുഖ്യമന്ത്രിയുടെ വസതിയില്‍ ഉദ്ദവ് വിളിച്ച യോഗത്തില്‍ 13 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഇതോടെ ഉദ്ദ വിന്‍റെ രാജി യിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സഖ്യസര്‍ക്കാര്‍ താഴെ വീഴാനുള്ള സാധ്യത പാര്‍ട്ടി യോഗത്തില്‍ എന്‍.സി.പി തലവന്‍ ശരദ് പവാര്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. ഇതനുസരിച്ച് നീങ്ങാനാണ് പവാര്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
അതേ സമയം അവസാനം വരെ ഉദ്ദവ് താക്കറെക്കൊപ്പം നില്‍ക്കുമെന്ന് എന്‍ .സി.പി നേതാവ് ജയന്ത് പാട്ടീല്‍ വ്യക്തമാക്കി. സഖ്യം ഉണ്ടാക്കിയത് മഹാരാഷ്ട്രയുടെ വികസനത്തിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ രാജിയല്ലാതെ ഉദ്ദവ് താക്കറെയ്ക്ക് മുന്നില്‍ വേറെ വഴികളില്ലെന്ന് ഷിന്‍ഡെ പക്ഷം പറയുന്നു. ശിവസേനയുടെ ചിഹ്നം അടക്കം നേടി പാര്‍ട്ടിയുടെ ഔദ്യോഗികപക്ഷമാകാന്‍ ഒരുങ്ങുകയാണ് വിമതര്‍. ശിവസേന എംഎല്‍എമാരില്‍ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമാണെന്നും, ചിഹ്നം തങ്ങള്‍ക്കനുവദിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമതര്‍ സമീപിക്കും. അതേസമയം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയിലെത്തി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും.