ശിക്ഷാവിധി മറ്റന്നാള്‍ എല്ലാകുറ്റങ്ങളും തെളിയിക്കപ്പെട്ടു
- വിചിത്രം, പൈശാചികം, ദാരുണം
- അപൂര്‍വങ്ങളില്‍ അപൂര്‍വം
- പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു
- ഒന്നും പറയാന്‍ ഇല്ലെന്ന് പ്രതി
- അണലി കടിച്ച് ഭാര്യ ആശുപത്രിയില്‍കഴിയവേ പ്രതി മറ്റൊരു കൊലയ്ക്ക് ആസൂത്രണം ചെയ്തു
- പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍
- ഇന്ത്യ മുഴുവന്‍ ഈ കോടതിയുടെ വിധിപ്രസ്താവനയെ കാതോര്‍ത്തിരിക്കുന്നു
കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി.മറ്റന്നാള്‍ ശിക്ഷ വിധിക്കുമെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി.
ചുമത്തിയ കുറ്റങ്ങള്‍ സൂരജിനെ വായിച്ചുകേള്‍പ്പിച്ചു. എന്തെങ്കിലും പറയാനുണ്ടോയെന്നു ജഡ്ജി ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്‍റെ മറുപടി. പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്നും, വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
വധശിക്ഷ നല്‍കാവുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്. സ്വന്തം ഭാര്യ വേദന കൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതി മറ്റൊരു കൊല ആസൂത്രണം ചെയ്തു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി വേണം.’പ്രോസിക്യൂഷന്‍ വാദിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്ന് പറയാനാകില്ലെന്നും, ഉത്രയുടേത് കൊലപാതകമല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
ഉത്രയുടെ അച്ഛനും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആദ്യ കേസാണിത്. പാമ്പിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും, ഡെമ്മി പരീക്ഷണവും അടക്കമുള്ള ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്.