ലക്നൗ: കഠിനചൂടില്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 54 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബല്ലിയ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 15 ന് 23 പേരും ജൂണ്‍ 16 ന് 20 പേരും ഇന്നലെ 11 പേരുമാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി 400 പേര്‍ ചികിത്സയിലുണ്ട്. പനി, ശ്വാസതടസം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 45 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. ലക്നൗവില്‍ നിന്ന് വിദഗ്ദ്ധ സംഘം ബല്ലിയ ജില്ലയിലേക്ക് പുറപ്പെട്ടു. ബിഹാറിലും മരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സാധാരണയിലും അഞ്ച് ഡിഗ്രിയോളം ഉയര്‍ന്ന ചൂടാണ് ഉത്തര്‍പ്രദേശില്‍ പലയിടത്തും അനുവപ്പെടുന്നതെന്നാണ് വിവരം.അതേസമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പേമാരിയും വെള്ളപ്പൊക്കവുമാണ്. കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് അസമിലും സിക്കിമിലും മേഘാലയയിലും വെള്ളപ്പൊക്കമാണ്. അസമിലെ 146 ബ്രഹ്മപുത്ര നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.സിക്കിമില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായി.
സിക്കിമില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. മേഘാലയയില്‍ 79 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. മേഖലയില്‍ വിനോദ സഞ്ചാരത്തിനെത്തിയ 2100 ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തി. എന്നാല്‍ 300 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് 37,000 പേര്‍ പ്രതിസന്ധിയിലാണെന്നാണ് ഇവിടെ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
