ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; 700ല്‍ അധികം ട്രെയിനുകള്‍ റദ്ദാക്കി

Top News

ന്യൂഡല്‍ഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. മഴ കാരണം ട്രാക്കുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് 700ലധികം ട്രെയിനുകള്‍ റദ്ദാക്കി. 300ഓളം മെയില്‍, എക്സ്പ്രസ് ട്രെയിനുകളും 406ഓളം പാസഞ്ചറുകളുമാണ് 15 വരെ റദ്ദാക്കിയത്.
ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിലിടങ്ങളിലാണ് ഒരാഴ്ചയോളമായി കനത്ത മഴ തുടരുന്നത്. മഴയെത്തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയും ആവശ്യ സേവനങ്ങളുള്‍പ്പെടെ തടസപ്പെടുകയും ചെയ്തു. 700ലധികം ട്രെയിനുകള്‍ റദ്ദാക്കിയതിനു പുറമെ 100 ട്രെയിനുകള്‍ തല്‍ക്കാലികമായി റദ്ദാക്കുകയും 191ഓളം ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കുന്നതിനായി എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഹെല്‍പ് ഡെസ്കുകള്‍ ക്രമീകരിച്ചു.ട്രെയിനുകളുടെ സമയമാറ്റം, റദ്ദാക്കല്‍, വഴിതിരിച്ചുവിടല്‍ എന്നിവ യാത്രക്കാരെ അറിയിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക ക്രമീകരണം ഒരുക്കി. യാത്രക്കാര്‍ക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും പണം തിരികെ നല്‍കുന്നതിനു പ്രത്യേക കൗണ്ടറുകള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ തുറക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബാധിക്കപ്പെട്ട യാത്രക്കാരെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനായി ബസ് സര്‍വീസുകളും ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *