ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ആദ്യ ആണവ നിലയം ഹരിയാനയിലെ ഗൊരഖ്പൂരില്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്.അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് വിവിധയിടങ്ങളില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്തെ മികച്ച നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.നിലവില്‍ ദക്ഷിണേന്ത്യയിലെ തമിഴ്നാട്, ആന്ധ്ര പ്രദേശ് കൂടാതെ, പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലുമാണ് ആണവ നിലയങ്ങളുള്ളത്.ഇന്ത്യയുടെ ആണവ ശക്തി വര്‍ധിപ്പിക്കാനായി, 10 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള അനുമതിയായിട്ടുണ്ട്. ആണവ നിലയങ്ങള്‍ക്കായി പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ തുടങ്ങാനും ആണവോര്‍ജ വകുപ്പിന് അനുമതി നല്‍കിയിട്ടുണ്ട്.’ഗൊരഖ്പൂര്‍ ഹരിയാന അണു വിദ്യുത് പരിയോജന’യുടെ 700 മെഗാവാട്ട് ശേഷിയുള്ള രണ്ട് യൂണിറ്റുകളുള്ള പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറിന്റെ രൂപകല്പന ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ഗൊരഖ്പൂര്‍ ഗ്രാമത്തിന് സമീപം നടന്നുകൊണ്ടിരിക്കുകയാണ്. അനുവദിച്ച 20,594 കോടിയില്‍ നിന്ന് ഇതുവരെ 4,906 കോടി രൂപ ചെലവഴിച്ചു.
ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓപ്പറേഷണല്‍ കൂളിങ് വാട്ടറിനായി തൊഹാന മുതല്‍ ആണവ നിലയംവരെ വാട്ടര്‍ ഡക്ട് നിര്‍മാണം ഹരിയാന ജലസേചന-ജലവിഭവ വകുപ്പ് നടത്തുന്നുണ്ട്.ഫയര്‍ വാട്ടര്‍ പമ്ബ് ഹൗസ്, സുരക്ഷയുമായി ബന്ധപ്പെട്ട പമ്ബ് ഹൗസ്, ഇന്ധന -എണ്ണ സംഭരണ കേന്ദ്രം, വെന്റിലേഷന് സ്റ്റാക്ക്, ഓവര്‍ഹെഡ് ടാങ്ക്, സ്വിച്ച് യാര്‍ഡ് നിയന്ത്രണ കെട്ടിടം, സുരക്ഷയുമായി ബന്ധപ്പെട്ട തുരങ്കവും കിടങ്ങുകളും, സംരക്ഷണ ഭിത്തികള്‍, ഗാര്‍ലന്‍ഡ് ഡ്രെയിനുകള്‍ തുടങ്ങി പ്ലാന്റുമായി ബന്ധപ്പെട്ട മറ്റ് പ്രധാന കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് ആണവോര്‍ജ വകുപ്പ് വ്യക്തമാക്കി.
