ഡെറാഡൂണ്‍: ഉത്തരാഘണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല വീണുണ്ടായ ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ചമോലി പോലീസ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.ചമോലി ജില്ലയിലെ തപോവനത്തില്‍ ഞായറാഴ്ച രാവിലെ മഞ്ഞുമല ഇടിഞ്ഞ് കുത്തനെ വെള്ളം ഒഴുകിയിറങ്ങിയാണ് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം സംഭവിക്കുന്നത്. എത്ര പേര് ദുരന്തത്തിനിരയായി എന്നുപോലും ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. എന്നല്ല, ഇനിയുമേറെ ദിനങ്ങള്‍ കഴിഞ്ഞാലും അത് സാധ്യമാകുമെന്നും തോന്നുന്നില്ല.
ദേശീയ ദുരന്തനിവാരണ സേനയിലെ അഞ്ചു സംഘങ്ങളും 100 സൈനികര്‍ വീതമുള്ള ആറു സൈനിക സംഘങ്ങളും സ്ഥലത്ത് അതിവേഗം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മലമുകളില്‍ കെട്ടിക്കിടന്ന മഞ്ഞുകൂനകള്‍ വെള്ളമായി പൊട്ടിയിറങ്ങിയാണ് ഞായറാഴ്ച ദുരന്തം വിതച്ചത്. ചേര്‍ന്നുള്ള രണ്ട് ജല വൈദ്യുതി പദ്ധതികള്‍ പൂര്‍ണമായി മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
14 മൃതദേഹങ്ങള്‍ ഇതിനകം കണ്ടെത്തി. 170 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇതിലേറെ പേര് ദുരന്തത്തിനിരയായിട്ടുണ്ടോ എന്നാണ് ആശങ്ക.
