ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നാളെ ബിജെപി മെഗാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രിയും ബിപെജിയുടെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ചുമതലക്കാരനുമായ പ്രഹ്ലാദ് ജോഷി അറിയിച്ചു.ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ എന്നിവര്‍ പ്രചാരണത്തില്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 500 പേരെ പങ്കെടുപ്പിച്ചായിരിക്കും തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരും പ്രചാരണം നടത്തും. ഉത്തരാഖണ്ഡിലെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് വാക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ നാളെ പുറത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മാര്‍ഗരേഖകള്‍ പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.