ടോക്കിയോ:യുഎന്‍ രക്ഷാസമിതിയുടെ വിലക്കു ലംഘിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. യുഎസില്‍ ജോ ബൈഡന് പ്രസിഡന്റായ ശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണിത്.കഴിഞ്ഞ ദിവസം രണ്ടു മിസൈലുകളാണു ജപ്പാന് കടലിലേക്കു തൊടുത്തത്. 420ഉം 430ഉം കിലോമീറ്റര്‍ സഞ്ചരിച്ച മിസൈലുകള്‍ കടലില്‍ പതിച്ചു. തങ്ങളുടെ സമുദ്രാതിര്‍ത്തിയിലല്ല മീസൈലുകള്‍ വീണതെന്ന് ജപ്പാന് അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടം ഉണ്ടായിട്ടില്ല.ജപ്പാനും ദക്ഷിണകൊറിയയും പരീക്ഷണത്തെ അപലപിച്ചു. ഉത്തരകൊറിയയുടെ അനധികൃത ആയുധപദ്ധതികള്‍ അയല്രാജ്യങ്ങള്ക്കുയര്ത്തുന്ന ഭീഷണിയാണു വ്യക്തമാകുന്നതെന്ന് അമേരിക്കയുടെ പസഫിക് കമാന്‍ഡ് പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രതികരിച്ചിട്ടില്ല.ഏതാനും ദിവസങ്ങള്‍ മുമ്പ് ബാലിസ്റ്റിക് ഇതര വിഭാഗത്തില്‍പ്പെട്ട ചെറുമിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. യുഎന്‍ രക്ഷാസമിതിയുടെ വിലക്ക് ബാധകമല്ലാത്ത ഈ പരീക്ഷണങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നു ബൈഡന് പറഞ്ഞിരുന്നു.ഉത്തരകൊറിയന്‍ ബിസിനസുകാരനായ മുണ് ചോള്‍ മ്യുംഗിനെ പണം വെളുപ്പിക്കല്‍ കേസില്‍ മലേഷ്യ അമേരിക്കയ്ക്കു കൈമാറിയത് ഏതാനും ദിവസം മുമ്പാണ്. ഇതേത്തുടര്‍ന്ന് മലേഷ്യയുമായുള്ള നയതന്ത്രബന്ധം ഉത്തരകൊറിയ വിച്ഛേദിച്ചിരുന്നു. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് ഈ സംഭവവുമായി ബന്ധമുണ്ടോയെന്നു വ്യക്തമല്ല. ഒരു വര്‍ഷം മുമ്പാണ് ഉത്തരകൊറിയ ഇതിനു മുമ്പ് ബാലിസ്റ്റ് പരീക്ഷണം നടത്തിയത് . ഉത്തരകൊറിയ അമേരിക്ക ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളില്‍ കാര്യമായ പുരോഗതി ഉണ്ടാകാതിരുന്ന സാഹചര്യത്തിലായിരുന്നത്. ജനുവരിയില്‍ അധികാരമേറ്റ ബൈഡന് ഭരണകൂടം ഉത്തരകൊറിയയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
