ഉച്ചഭക്ഷണ നടത്തിപ്പില്‍ കേരളം രാജ്യത്തിന് മാതൃക : മന്ത്രി

Latest News

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് രാജ്യത്തിനുതന്നെ മാതൃകയാണെന്നും മികച്ച ഉച്ചഭക്ഷണമാണ് നമ്മുടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതെന്നും പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം, അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളിലെ കിച്ചണ്‍ കം സ്റ്റോര്‍ റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് സാധ്യമാകുന്നതൊക്കെ ചെയ്യുന്നുണ്ട്. ഈ അധ്യയന വര്‍ഷം ഇനി പാചകതൊഴിലാളികള്‍ക്ക് കുടിശ്ശിക ഉണ്ടാവില്ല. ഇതിനുള്ള ഫണ്ടായി 167 കോടി രൂപയുടെ വിനിയോഗ അനുമതി നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്കാണ് തുക എത്തിച്ചേരുന്നത്. കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തില്‍ സംസ്ഥാനം പ്രത്യേക താല്‍പര്യമെടുത്ത് ഫണ്ട് കണ്ടെത്തിയാണ് ഉച്ചഭക്ഷണ പദ്ധതിക്കായി നല്‍കിയിട്ടുള്ളത്. വരുംദിവസങ്ങളില്‍ പാചക തൊഴിലാളികള്‍ക്ക് കുടിശ്ശിക വന്ന ഓഗസ്റ്റ് മാസത്തെ പകുതി വേതനവും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനവും ലഭ്യമാക്കാനാകും. പദ്ധതി നടത്തിപ്പിന് സ്കൂളുകള്‍ക്ക് നല്‍കുന്ന വഹിതത്തിലെ കുടിശ്ശികയും വരുംദിവസങ്ങളില്‍ നല്‍കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജവും വിദ്യാ കിരണം പദ്ധതിയും നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ വരുത്തിയിട്ടുള്ള മാറ്റം ചെറുതല്ല. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന പൊതുവിദ്യാലയങ്ങളില്‍ ഹൈടെക് കെട്ടിടങ്ങളും ക്ലാസ് മുറികളും ലാബുകളും ലൈബ്രറികളും ഉണ്ടായി.
എല്ലാ സ്കൂളുകളിലും അടിസ്ഥാനസൗകര്യ വികസന മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അക്കാദമിക മികവിനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ തുടരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉച്ച ഭക്ഷണ പദ്ധതിയില്‍ നിന്നും അനുവദിച്ച ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് കിച്ചണ്‍ കം സ്റ്റോര്‍ റൂം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, മോട്ടോര്‍ വാഹന വകുപ്പ് അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ പി എസ്, കേരള റോഡ് സുരക്ഷ അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി. ഇളങ്കോവന്‍, ഹെഡ്മിസ്ട്രസ് നസീമ എസ്, വി എസ് സഞ്ജയ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *