ഈ വര്‍ഷം എസ്.എ.ടി. ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

Latest News

തിരുവനന്തപുരം: ഈ വര്‍ഷം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ജനിറ്റിക് വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്.അന്താരാഷ്ട്ര അപൂര്‍വ രോഗ ദിനാചരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം എസ്.എ.ടി.ആശുപത്രിയില്‍ സംഘടിപ്പിച്ച അപൂര്‍വ രോഗം ബാധിച്ച കേരളത്തിലെ കുട്ടികളുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സക്കും ഗവേഷണത്തിനും ഇതേറെ സഹായിക്കും. എസ്.എ.ടി.യിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും ജനിറ്റിക് ലാബ് ആരംഭിക്കും. അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സാ ചെലവും പരിശോധനാ ചെലവും കുറക്കാനുമായി ആരോഗ്യ വകുപ്പ് കര്‍മ്മ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അതനുസരിച്ച് മുന്നോട്ടു പോകാനാണ് ആലോചിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
അപൂര്‍വ രോഗം ബാധിച്ചിട്ടുള്ള കുഞ്ഞുങ്ങളുടെ ചികിത്സയും തുടര്‍ പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടി വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്‍റര്‍ ഓഫ് എക്സലന്‍സായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. അപൂര്‍വ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണ് പ്രധാനം. മാത്രമല്ല പിന്തുണ ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ഇതിലൂടെ സഹായകരമാകുന്നു. കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ ചേര്‍ത്ത് പിടിക്കുന്ന എല്ലാ രക്ഷിതാക്കള്‍ക്കും ആദരവറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കലാ കേശവന്‍, അപൂര്‍വ രോഗങ്ങളുടെ സെന്‍റര്‍ ഓഫ് എക്സലന്‍സ് നോഡല്‍ ഓഫീസര്‍ ഡോ. ശങ്കര്‍, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. മേരി ഐപ്പ്, ആര്‍എംഒ ഡോ. റിയാസ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *