ഇംഫാല്‍: സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ നിയമസഭ സമ്മേളനം വിളിക്കാന്‍ വീണ്ടും ശിപാര്‍ശ ചെയ്ത് മന്ത്രിസഭ. നിയമസഭയുടെ വര്‍ഷകാല സമ്മേളനം ആഗസ്റ്റ് 29-ന് വിളിക്കാന്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മണിപ്പൂര്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ തിങ്കളാഴ്ച അടിയന്തര നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭ ശിപാര്‍ശ ചെയ്തിരുന്നതാണ്. എന്നാല്‍ ഗവര്‍ണര്‍ അനുസൂയ യുകേയ് സമ്മേളനം വിളിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചില്ല.
ഇതോടെയാണ് വീണ്ടും മന്ത്രിസഭ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കിയത്. ജൂലൈയ്ക്ക് ശേഷം ഇതുള്‍പ്പെടെ മൂന്ന് തവണയാണ് നിയമസഭ വിളിക്കാന്‍ മന്ത്രിസഭ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കിയത്.നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാനാവില്ലെന്ന് കുക്കി ഗോത്രവിഭാഗക്കാരായ പത്ത് എംഎല്‍എമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇവരില്‍ ഏഴു പേര്‍ ബി.ജെ.പി അംഗങ്ങളാണ്. നാഗാ സമാധാന ചര്‍ച്ച തീരുമാനമില്ലാതെ അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ച് നാഗാ എം.എ.ല്‍എമാരും സമ്മേളനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഇതൊക്കെയാണ് സമ്മേളനം വിളിക്കുന്നതില്‍നിന്ന് ഗവര്‍ണരെ പിന്തിരിപ്പിച്ചതെന്നാണ് സൂചന.സഭാസമ്മേളനം ചേരാന്‍ 15 ദിവസം മുമ്പെങ്കിലും വിജ്ഞാപനം പുറപ്പെടുവിക്കണം. ഈ മാസം ആദ്യം സമ്മേളിച്ച മന്ത്രിസഭ 21-ന് നിയമസഭാസമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, രാജ്ഭവനില്‍നിന്ന് നടപടിയൊന്നുമുണ്ടായില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് നിയമസഭ അവസാനമായി സമ്മേളിച്ചത്. ഭരണഘടനയനുസരിച്ച് സെപ്റ്റംബര്‍ രണ്ടിനുള്ളില്‍ വീണ്ടും യോഗം ചേരേണ്ടതുണ്ട്.