ന്യൂഡല്‍ഹി: ഈജിപ്റ്റ് പ്രസിഡന്‍റ് അബുള്‍ ഫത്താ അല്‍ സിസിയുടെ ഇന്ത്യ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.അടുത്തയാഴ്ചയോടെയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഈജിപ്റ്റ് പ്രസിഡന്‍റ് ഇന്ത്യയിലെത്തുന്നത്. ജനുവരി 24 മുതല്‍ 26വരെയാണ് അദ്ദേഹത്തിന്‍റെ ഇന്ത്യാ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാജ്യത്തെ ബിസിനസ്സ് മേഖലകളിലെ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.കൃഷി, സൈബര്‍സ്പേസ്, ഐടി മേഖലകളുടെ വികസനത്തിനായുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും തീരുമാനമെടുക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. പ്രതിരോധം, സുരക്ഷാസഹകരണം എന്നീ മേഖലകളിലെ വികസനത്തിനായുള്ള ചര്‍ച്ചകളും സംഘടിപ്പിക്കും. അഞ്ച് മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമായിരിക്കും ഈജിപ്റ്റ് പ്രസിഡന്‍റിനെ അനുഗമിക്കുക.
2015ലാണ് ഇതിനുമുമ്ബ് ഈജിപ്റ്റ് പ്രസിഡന്‍റ് ഇന്ത്യ സന്ദര്‍ശിച്ചത്. മൂന്നാമത് ഇന്ത്യ-ആഫ്രോ ഫോറം ഉച്ചക്കോടിയില്‍ പങ്കെടുക്കാനായിരുന്നു അന്ന് അദ്ദേഹം എത്തിയത്. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലെ പ്രധാന അതിഥിയും ഈജിപ്റ്റ് പ്രസിഡന്‍റായ അബ്ദുള്‍ ഫത്താ അല്‍സിസിയാണ്. ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ ഒരു ഈജിപ്റ്റ് പ്രസിഡന്‍റ് അതിഥിയായെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ ക്ഷണം.ഈജിപ്ഷ്യന്‍ സേന വിഭാഗവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. അറബ് ലോകത്തെയും ആഫ്രിക്കയിലെയും രാഷ്ട്രീയത്തിലെ പ്രധാന കണ്ണിയാണ് ഈജിപ്റ്റ്. അതുകൊണ്ട് തന്നെ ഈജിപ്റ്റുമായുള്ള ബന്ധം കൂടുതല്‍ വിപുലീകരിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു. ആഫ്രിക്കയിലെയും യൂറോപ്പിലെയും വിപണികളിലേക്കുള്ള പ്രധാന കവാടം കൂടിയാണ് ഇതിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുക.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധം വളരെ ഉയര്‍ന്നനിലയിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലൂടെ 2021-22ല്‍ 7.26 ബില്യണ്‍ ഡോളറിന്‍റെ വരുമാനമാണ് ലഭിച്ചതെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.