തിരുവനന്തപുരം: അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വക്കീല്‍ നോട്ടീസ് അയച്ചു.മാര്‍ച്ച് 20ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇ.പി. ജയരാജന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈകോടതി അഭിഭാഷകന്‍ അനൂപ് വി. നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.
അപകീര്‍ത്തികരവും അവാസ്തവവും വ്യാജവുമായ പ്രസ്താവന ഏഴ് ദിവസത്തിനകം പിന്‍വലിച്ച് ഇ.പി. ജയരാജന്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി. തന്‍റെ ഭാര്യ ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിന് പിന്നില്‍ വി.ഡി. സതീശനാണെന്നായിരുന്നു ജയരാജന്‍റെ ആരോപണം. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ സതീശന്‍ വ്യാജ വാര്‍ത്ത ചമച്ചു, അശ്ലീല വിഡിയോ ഇറക്കുന്നതില്‍ സതീശന്‍ പ്രശസ്തനാണ്, തൃക്കാക്കരയിലെ സ്ഥാനാര്‍ഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിന് പിന്നില്‍ സതീശനാണ്, പറവൂര്‍ മണ്ഡലത്തില്‍ നല്‍കിയ വീടുകളില്‍ പലതും സ്പോണ്‍സര്‍മാരുടെ സംഭാവനയാണ്, പുനര്‍ജനി പദ്ധതിക്കായി പിരിച്ച പണം കൊണ്ട് വീടുകള്‍ നിര്‍മിച്ചില്ല തുടങ്ങിയ ആരോപണങ്ങളും ഇ.പി. ജയരാജന്‍ ഉന്നയിച്ചിരുന്നു.