തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജനെതിരായ ആരോപണം മാധ്യമ സൃഷ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഇത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോയില്‍ ഒരു ചര്‍ച്ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.വിവാദത്തില്‍ ആദ്യമായാണ് എം.വി ഗോവിന്ദന് പ്രതികരിക്കുന്നത്. എ.കെ.ജി ഭവനില്‍ ഇന്നലെ ആരംഭിച്ച പി.ബി യോഗത്തിന്റെ അജണ്ടയില്‍ ജയരാജന് വിഷയം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇ. പിക്കെതിരായ അന്വേഷണം സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാമെന്ന് പി.ബി അറിയിച്ചിരുന്നു. പി.ബി അനുമതിയോടെ ഇ.പിക്കെതിരെ പാര്‍ട്ടി കമ്മീഷന് അന്വേഷണം വരാനാണ് സാധ്യത. പി.ബിയുടെ അനുമതി ഇപ്പോള്‍ ആവശ്യമില്ല. ആക്ഷേപം എഴുതിക്കിട്ടുമ്പോള്‍ അന്വേഷിക്കാന്‍ ധാരണയായിട്ടുണ്ട്. നടപടി വേണമെങ്കില്‍ മാത്രം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും നേതൃത്വം അറിയിച്ചിരുന്നു. ഇ.പിക്കെതിരായ അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിര്‍ണായകമാണ്.പി ജയരാജന്റെ ആരോപണത്തില്‍ ഇ.പി ജയരാജനും ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദം നിലനില്‍ക്കെ കണ്ണൂരില്‍ കെ.എസ്.ടി.എ പരിപാടിയ്ക്കെത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് ചെറു പുഞ്ചിരി മാത്രമായിരുന്നു ഇ.പി ജയരാജന്റെ മറുപടി.
