കണ്ണൂര്‍ : മുന്‍ മുഖ്യമന്ത്രിയും സി.പി.എം ഉന്നത നേതാവുമായിരുന്ന ഇ.കെ. നായനാരുടെ പയ്യാമ്പലത്തെ വീട്ടില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപി. കേന്ദ്രസഹമന്ത്രിയായതിനുശേഷം ആദ്യത്തെ കേരളസന്ദര്‍ശനത്തിലാണ് ഇന്നലെ സുരേഷ് ഗോപിയുടെ കണ്ണൂരിലേക്കുള്ള വരവ്. നായനാരുടെ വീട്ടില്‍ ഭാര്യ ശാരദ ടീച്ചര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ശാരദ ടീച്ചര്‍ പ്രതികരിച്ചു. ഇതിനുമുമ്പും പല തവണ വീട്ടിലെത്തി തന്നെ കണ്ടിട്ടുണ്ട്. ഭക്ഷണവും കഴിച്ചിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപിക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ശാരദ ടീച്ചര്‍ പറഞ്ഞു. പല രാഷ്ട്രീയക്കാരും വീട്ടില്‍ വരാറുണ്ട്, പക്ഷെ തന്നെക്കാണാനല്ല, അത് നായനാര്‍ സഖാവിന്‍റെ ഭാര്യയെന്ന നിലയിലാണ്. വീട്ടില്‍ വരുന്ന എല്ലാവരോടും സ്നേഹത്തോടും സഹകരണത്തോടും കൂടിയാണ് താന്‍ പെരുമാറാറുള്ളതെന്നും ശാരദ ടീച്ചര്‍ പറഞ്ഞു.
രാവിലെ കോഴിക്കോട്ടെത്തിയ സുരേഷ് ഗോപി തളി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് ചലച്ചിത്ര നിര്‍മ്മാതാവ് പി. വി.ഗംഗാധരന്‍റെ വീട്ടിലും സന്ദര്‍ശനം നടത്തി. പി.വി.ഗംഗാധരന്‍റെ മക്കളും ജ്യേഷ്ഠന്‍ പി.വി.ചന്ദ്രനും ബന്ധുക്കളും എം.വി. ശ്രേയാംസ്കുമാറും വീട്ടിലുണ്ടായിരുന്നു. കോഴിക്കോടും കണ്ണൂരിലുമായി വിവിധ ക്ഷേത്രങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ചൊവ്വാഴ്ച രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്.