തിരിച്ചെത്തിയാല്‍ നിയമനടപടിയെപ്പറ്റി ആലോചിക്കുമെന്നും മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: ഇസ്രായേലില്‍ മലയാളി കര്‍ഷകനെ കാണാതായതല്ല, ബോധപൂര്‍വം മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി പ്രസാദ്. ബിജുകുര്യന്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കണ്ടെന്നും ബിജു ഭാര്യയ്ക്ക് മെസേജ് അയച്ചതായി മന്ത്രി പറഞ്ഞു. ഇയാള്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന കൃഷിവകുപ്പ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ഇസ്രായേലിലേക്കയച്ച കര്‍ഷക സംഘത്തില്‍ നിന്നുമാണ് ബിജുകുര്യനെ കാണാതായത്. ഇസ്രായേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്ന് ബിജുവിനെ കാണാതായെന്നായിരുന്നു റിപ്പോര്‍ട്ട്. രാത്രി ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഹോട്ടലിലേക്ക് പോകുന്നതിനായി സംഘത്തിലെ മറ്റെല്ലാവരും എത്തിയ സ്ഥലത്ത് ബിജു എത്തിയിരുന്നില്ല. തുടര്‍ന്ന് കൂടെ ഉണ്ടായിരുന്നവര്‍ വിവരം ഉടന്‍ തന്നെ ഇന്ത്യന്‍ എംബസി അധികൃതരെ അറിയിക്കുകയായിരുന്നു. ബിജുവിനെ കണ്ടെത്തുന്നതിനായി ഇസ്രായേലി പൊലീസും വ്യാപക തെരച്ചില്‍ ആരംഭിച്ചിരുന്നു.
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജു കുര്യന്‍ ചെയ്തതെന്നും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം ബിജുവിന്‍റെ കുടുംബാംഗങ്ങള്‍ തന്നെ വിളിച്ച് ക്ഷമ ചോദിച്ചു എന്നും സഹോദരനുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ സംഘം തിരിച്ചെത്തിയശേഷം നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്നും പറഞ്ഞതായി മന്ത്രി അറിയിച്ചു.നല്ല ഉദ്ദേശത്തോടെയാണ് കര്‍ഷകസംഘത്തെ ഇസ്രായിലേക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കര്‍ഷകരെ തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.