തെഹ്റാന്‍: തങ്ങളുടെ മുതിര്‍ന്ന കമാന്‍ഡറെ കൊലപ്പെടുത്തിയ ഇസ്രായേലിന് കൃത്യമായ സമയത്ത് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് റെസ അഷ്തിയാനി.ദുര്‍ബലരായി മാറിയ സയണിസ്റ്റുകള്‍ക്ക് ശക്തമായ മറുപടിയാണ് നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ നേരിടാനുള്ള ഇറാന്‍റെ ദൗത്യത്തില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് വക്താവും പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് സിറിയയിലെ ഡമസ്കസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടത്. സിറിയയിലെ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ സഈദ് റാസി മൗസവിയാണ് കൊല്ലപ്പെട്ടത്.ഡമസ്കസിലെ സൈനബിയ ജില്ലയിലാണ് ഇസ്രായേല്‍ സേന ആക്രമണം നടത്തിയത്. സിറിയയും ലെബനനും ഇറാനും തമ്മിലുള്ള സൈനിക സഖ്യത്തെ ഏകോപിപ്പിക്കുന്ന ചുമതലയുള്ള വ്യക്തിയായിരുന്നു സഈദ് റാസി മൗസവി. നിരവധി തവണ ഇസ്രായേല്‍ ഇദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 2020ല്‍ അമേരിക്കന്‍ സൈന്യം വധിച്ച ഇറാന്‍ സൈനിക ഓഫിസര്‍ ഖാസിം സുലൈമാനിയുടെ പിന്‍ഗാമിയായാണ് മൗസവി അറിയപ്പെടുന്നത്.
സേന ഉപദേഷ്ടാവിനെ കൊലപ്പെടുത്തിയതിന് ഇസ്രായേല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഇസ്രായേലിന്‍റെ വേവലാതിയും കഴിവില്ലായ്മയുമാണ് വധത്തിന് പിന്നിലെന്ന് പ്രസിഡന്‍റ് ഇബ്രാഹിം റഈസി ചൂണ്ടിക്കാട്ടി.