. 1000 ല്‍പ്പരം പേര്‍ കൊല്ലപ്പെട്ടു
. ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഹിസ്ബുള്ളയും ആക്രമണത്തില്‍
. ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇസ്രയേല്‍ നീക്കം
ടെല്‍അവീവ്: ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമാകുന്നു. ഗാസയില്‍ 400 നടുത്ത് പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസിന്‍റെ ആക്രമണത്തില്‍ 600 ല്‍പ്പരം ഇസ്രയേലികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.ഗാസയിലെ 429 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ഗാസയില്‍ ബഹുനില കെട്ടിടങ്ങള്‍ അടക്കം ഇസ്രയേലിന്‍റെ വ്യോമാക്രമണത്തില്‍ നിലംപൊത്തി. ഇക്കൂട്ടത്തില്‍ ഹമാസിന്‍റെ ആയുധ കേന്ദ്രങ്ങള്‍ അടക്കം ഉണ്ടെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇതിനിടെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ലെബനനിലെ ഹിസ്ബുള്ളയും ആക്രമണത്തില്‍ പങ്കാളികളായത് സ്ഥിതിവിശേഷം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.
ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധസംഘമാണ് ഹിസ്ബുള്ള.
പലസ്തീന്‍ ചെറുത്തുനില്‍പ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹിസ്ബുള്ള പ്രസ്താവനയും പുറത്തിറക്കി. ലെബനനില്‍ നിന്നുള്ള ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്തു. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ ഇസ്രായേല്‍ ശക്തമായി തിരിച്ചടിച്ചു. ലെബനനിലും ഇസ്രയേല്‍ പ്രതിരോധസേന ആക്രമണം തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.
ഗാസയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഗാസയില്‍ ഹമാസ് ഒളിച്ചിരിക്കുന്ന എല്ലാ പ്രദേശങ്ങളും തങ്ങള്‍ നാമാവശേഷമാക്കി മാറ്റുമെന്നും നെതന്യാഹു എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഗാസാ മുനമ്പിലെ ഹമാസിന്‍റെ മൂന്ന് കമാന്‍ഡ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയ വിവരം ഇസ്രയേല്‍ സൈന്യം എക്സിലൂടെ പങ്കുവച്ചു.
ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിക്കാനുള്ള നീക്കങ്ങളും ഇസ്രയേല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഗാസയിലെ ഹമാസ് നേതാക്കളുടെ വീടുകള്‍ ഇസ്രയേലി സൈന്യം ബോംബിട്ട് തകര്‍ത്തു.ഹമാസ് ഇന്‍റലിജന്‍സ് മേധാവിയുടെ വീട് ഉള്‍പ്പെടെയാണ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തത്. ഹമാസിന്‍റെ പണമിടപാടുകള്‍ നടക്കുന്ന ബാങ്കുകളും വ്യോമാക്രമണത്തില്‍ നിലംപരിശായി.
ഹമാസിനെതിരേ ആരംഭിച്ച ഓപ്പറേഷന്‍ അയണ്‍ സോര്‍ഡ്സിന്‍റെ ഭാഗമായി വ്യോമാക്രമണത്തിനു പിന്നാലെ ഗാസ മുനമ്പില്‍ ശക്തമായ കരയുദ്ധത്തിനും ഇസ്രയേല്‍ ഒരുങ്ങുകയാണ്. ഗാസയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുക്കാനാണ് ഇസ്രയേലിന്‍റെ നീക്കം.
ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേലില്‍ നുഴഞ്ഞുകയറിയ ഹമാസ് സംഘം നടത്തിയ ആക്രമണത്തോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.