ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

Latest News

. കൊല്ലം സ്വദേശി നിബിന്‍ മാക്സ് വെല്ലാണ് കൊല്ലപ്പെട്ടത്
.രണ്ടു മലയാളികളടക്കം ഏഴു പേര്‍ക്ക് പരുക്ക്

ടെല്‍ അവീവ് : വടക്കന്‍ ഇസ്രയേലിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം വാടി സ്വദേശി നിബിന്‍ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. രണ്ടു മലയാളികളടക്കം ഏഴു പേര്‍ക്ക് പരുക്കേറ്റു. ലെബനനില്‍ നിന്ന് അയച്ച മിസൈല്‍ ഇസ്രായേലിന്‍റെ വടക്കന്‍ അതിര്‍ത്തിയായ മാര്‍ഗലിയോട്ടിന് സമീപം വീഴുകയായിരുന്നു.കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു നിബിനും മറ്റുള്ളവരും. രണ്ടു മാസം മുന്‍പാണ് നിബിന്‍ ഇസ്രായേലില്‍ എത്തിയത്. നിബിന് അഞ്ചു വയസുള്ള മകള്‍ ഉണ്ട്. ഭാര്യ ഏഴു മാസം ഗര്‍ഭിണിയാണ്.
നിബിന്‍റെ മൃതദേഹം നാട്ടിലേക്കെത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.
അതിനിടെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇസ്രയേലിലെ ഇന്ത്യന്‍ എംബസി. ഇസ്രയേലിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. അതേസമയം നിലവില്‍ ഇസ്രയേലില്‍ ഉള്ളവര്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.നിലവിലുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചും പ്രാദേശിക സുരക്ഷാ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തുമാണ് ഇന്ത്യക്കാര്‍ക്കായി എംബസി പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇസ്രയേലിലുള്ള എല്ലാ ഇന്ത്യക്കാരും, പ്രത്യേകിച്ച് തെക്ക്, വടക്ക് മേഖലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവരും, ആ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവരും ഇസ്രയേലിലെ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേലി അധികൃതരുമായി എംബസി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *