ന്യൂഡല്‍ഹി: ഇലക്ഷന്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). വിശദാംശങ്ങള്‍ കൈമാറാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇന്നലെ വൈകിട്ട് 5.30 ന് വിവരങ്ങള്‍ കൈമാറിയത്. ഇലക്ടറല്‍ ബോണ്ട് ആര് വാങ്ങി, ആരാണ് സ്വീകരിച്ചത് തുടങ്ങിയ വിവരങ്ങള്‍ പ്രത്യേകം സമര്‍പ്പിച്ചാല്‍ മതി എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതി നിഷ്കര്‍ഷിച്ച സമയപരിധിക്കുള്ളില്‍ വിശദാംശങ്ങള്‍ നല്‍കുവാന്‍ സാധിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്. എസ്.ബി.ഐ നല്‍കിയ വിവരങ്ങള്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഈ മാസം 15ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
2019 ഏപ്രില്‍ 19 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കടപ്പത്രം വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങള്‍ മാര്‍ച്ച് ആറിനു മുന്‍പു തെരഞ്ഞെടുപ്പു കമ്മിഷനു നല്‍കാനായിരുന്നു കടപ്പത്രങ്ങള്‍ റദ്ദാക്കിക്കൊണ്ടു കഴിഞ്ഞമാസം 15ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഈ 26 ദിവസങ്ങളില്‍ എന്തുചെയ്യുകയായിരുന്നുവെന്ന് ബെഞ്ച് എസ്.ബി.ഐയോടു ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പു കഴിയുംവരെ വിവരങ്ങള്‍ പുറത്തുവരുന്നതു തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എസ്.ബി ഐയെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ക്ക് ഇത് ഇടയാക്കിയിരുന്നു.
ഇലക്ടറല്‍ ബോണ്ടിനെതിരായി സി.പി.എം, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, കോണ്‍ഗ്രസ് നേതാവ് ജയ താക്കൂര്‍ എന്നിവരായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്.