ഇറക്കുമതി വാക്സിനുകള്‍ക്ക് നികുതി
ഒഴിവാക്കിയേക്കും

India Latest News

ന്യൂഡല്‍ഹി: വില താഴ്ത്തുന്നതിനായി ഇറക്കുമതി വാക്സിനുകള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കാനുള്ള നീക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍. 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിന്‍റെ ഭാഗമായി നിലവിലെ വാക്സിനുകള്‍ക്കു പുറമേ വിദേശ വാക്സിനുകളും കൂടി നല്‍കുന്നതിന്‍റെ ഭാഗമാണ് നടപടി. റഷ്യയുടെ സ്പുട്നിക് വാക്സിന്‍ ഈമാസം അവസാനമോ അടുത്തമാസം ആദ്യമോ വരുമെന്നാണ് പ്രതീക്ഷ. മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനുകളും ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരിക്കുകയാണ്.
നിലവില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വാക്സിനുകള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവയും 16.5 ഐ.ജി.എസ്.ടിയും സാമൂഹികക്ഷേമ സെസും ചുമത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇറക്കുമതി വാക്സിനുകള്‍ള്‍ക്ക് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റേയും ഭാരത് ബയോടെക്കിന്‍റെയും വാക്സിനുകളേക്കാള്‍ വിലയേറും. നികുതി ഇളവു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നാണു സൂചന. അമേരിക്കന്‍ മരുന്ന് വമ്പന്മാരായ ഫൈസര്‍ ഇന്ത്യയില്‍ അനുമതി തേടിയതിനു പിന്നാലെ ഡിസംബര്‍ മുതല്‍ നികുതി ഇളവിനു ചര്‍ച്ചകള്‍ തുടങ്ങിയതാണ്. ധനമന്ത്രാലയവും പരോക്ഷ നികുതി വിഭാഗവും നികുതി ഇളവിന്‍റെ ബാധ്യതകളെക്കുറിച്ച് പ്രാഥമിക കണക്കുകൂട്ടലുകളും നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *