സിറിയയ്ക്കു നേരെയും ഇസ്രയേല്‍ വ്യോമാക്രമണം
ടെല്‍ അവീവ്:ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ ഇതുവരെ ഇരുപക്ഷത്തുമായി 3700-ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വ്യോമാക്രമണത്തിനു ശേഷം കരയുദ്ധത്തിലേക്ക് ഇസ്രയേല്‍ കടക്കുകയാണെന്ന വിവരവുമുണ്ട്. ഹമാസുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ സിറിയയ്ക്കു നേരെയും ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ചു. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലും വടക്കന്‍ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതായി സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനെതിരെ സിറിയന്‍ വ്യോമസേന പ്രത്യാക്രമണം ആരംഭിച്ചു.ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ സിറിയ ഇസ്രായേലില്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു ഇസ്രായേലിന്‍റെ ആക്രമണം.
ഹമാസ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ അടിസ്ഥാനവിഭവങ്ങളോ മാനുഷികമായ മറ്റു സഹായങ്ങളോ ഗാസയ്ക്ക് അനുവദിക്കില്ലെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാസയിലേക്കുള്ള വെള്ളം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയുടെ വിതരണം ഇസ്രയേല്‍ തടഞ്ഞു. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് പലസ്തീന്‍റെ ഏക താപനിലയം ബുധനാഴ്ച അടച്ചുപൂട്ടുകയും ചെയ്തു. ഇതോടെ വൈദ്യുതി നിലച്ച് ഗാസ ഇരുട്ടിലായി. ഭക്ഷണവും വെള്ളവും വൈദ്യുതിയുമുള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ വിതരണം വിച്ഛേദിക്കപ്പെട്ടതോടെ ഗാസയിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി. ഗാസയില്‍ നിന്ന് രണ്ടരലക്ഷത്തോളം പേര്‍ വീടൊഴിഞ്ഞതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കൂടിക്കാഴ്ച നടത്തി. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇസ്രയേലിനൊപ്പം ഉറച്ചു നില്‍ക്കുന്നുവെന്ന് ആന്‍റണി ബ്ലിങ്കന്‍ നെതന്യാഹുവിനെ അറിയിച്ചു. നെതന്യാഹുവിന്‍റെ ഓഫീസിലെത്തി ബ്ലിങ്കന്‍ പിന്തുണ വാഗ്ദാനം ചെയ്തു.
ഇസ്രയേല്‍-ഗാസ യുദ്ധം മൂര്‍ച്ഛിക്കുന്നതിനിടെ ഹമാസ് കമാന്‍ഡര്‍ മഹ്മൂദ് അല്‍-സഹറിന്‍റെ സന്ദേശം പുറത്തുവന്നു. ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്‍റെ കാല്‍ക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അല്‍ സഹര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തായത്. ഇസ്രായേല്‍ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അല്‍ സഹര്‍ വ്യക്തമാക്കി. ഹമാസിനെതിരെ ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.ഭൂലോകത്തിന്‍റെ 510 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ മുഴുവന്‍ ഞങ്ങളുടെ കീഴിലാകും. അനീതിയും അടിച്ചമര്‍ത്തലും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ഇല്ലാത്ത ഒരു സംവിധാനമാണ് ലക്ഷ്യം. പലസ്തീനികള്‍ക്കെതിരെയും അറബികള്‍ക്കെതിരെയും സിറിയ, ലെബനന്‍, ഇറാഖ് രാജ്യങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് അടിച്ചമര്‍ത്തലാണെന്നും ഹമാസ് നേതാവ് പറഞ്ഞു.