പാനാജി: ഇരുചക്ര, മുച്ചക്രവാഹനങ്ങള്‍ പൂര്‍ണമായും വൈദ്യുതി ഇന്ധനത്തിലേക്കു മാറ്റുകയെന്നതാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് ജി 20 സമ്മേളനത്തിലെ ഇന്ത്യയുടെ ഷെര്‍പ്പയായ (രാഷ്ട്രത്തലവന്‍റെ പ്രതിനിധിയായി ജി 20 സമ്മേളന പ്രതിനിധിസംഘത്തെ നയിക്കുന്നയാള്‍) അമിതാഭ് കാന്ത്.2030ഓടെ ഈ ലക്ഷ്യം കൈവരിക്കാനാണ് ശ്രമങ്ങള്‍. ഇതിനായി വ്യക്തമായ കര്‍മപദ്ധതി വേണമെന്നും പനാജിയില്‍ ജി 20 സമ്മേളനത്തോടനുബന്ധിച്ച് നീതി ആയോഗ് സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. പൊതു ഗതാഗതസംവിധാനത്തിന്‍റെ 65 ശതമാനമെങ്കിലും ഈകാലയളവിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളാക്കുക എന്നതും ലക്ഷ്യമാണെന്ന് അമിതാഭ് കാന്ത് വ്യക്തമാക്കി.
ഡീസല്‍, പെട്രോള്‍ സാങ്കേതിക വിദ്യ മരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുപകരമാണ് ഇലക്ട്രിക് സാങ്കേതിക വിദ്യ. ആഗോളതലത്തിലും ഇലക്ട്രിക് വാഹനനിര്‍മാണം ദ്രുതഗതിയില്‍ മുന്നേറുകയാണ്. ലോകത്ത് ഉത്പാദിപ്പിക്കുന്ന പുതിയ കാറുകളില്‍ 18 ശതമാനവും വൈദ്യുതികാറുകളാണ്. ചൈനയില്‍ ഇതിന്‍റെ നിരക്ക് 60 ശതമാനമാണ്. യൂറോപ്പില്‍ 15 ശതമാനവും യുഎസില്‍ പത്തുശതമാനവുമാണിത്.
യുഎസും യൂറോപ്പും പിന്തുടരുന്ന സാങ്കേതികവിദ്യയില്‍നിന്ന് വ്യത്യസ്ഥമാണ് ഇന്ത്യയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.